താനൂരിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്: മന്ത്രി പി.എ മുഹമ്മദ് റിയാസ്

0
46

താനൂരിൽ രക്ഷാപ്രവർത്തനം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രക്ഷാപ്രവർത്തനം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങളിലും മൃതദേഹങ്ങൾ എത്രയും വേഗം ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള നടപടികളിലുമാണ് ഇപ്പോൾ ശ്രദ്ധ. ബോട്ടപകടത്തിന്റെ കാരണങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘം താനൂരിൽ എത്തും. വിവിധ ആശുപത്രികളിൽ പോസ്റ്റ്‌മോർട്ടം വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചു. പൊലീസിന്റെ സ്പെഷ്യൽ ടീം ആശുപത്രികളിൽ സജ്ജമാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

ബോട്ടപകടത്തിൽ മരിച്ചവരുടെ കൃത്യമായ കണക്കുകൾ ശേഖരിച്ചുവരികയാണെന്നും മന്ത്രി. അതേസമയം, വളരെ ദാരുണമായ അപകടമാണ് താനൂരിൽ നടന്നതെന്ന് മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം വേഗത്തിൽ ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനം രാത്രിയിലും തുടരും. പുലർച്ചയോടെ നാവികസേന തെരച്ചിൽ നടത്തും. മരിച്ചവരിൽ രണ്ടുപേരെ ഇനിയും തിരിച്ചറിയാനുണ്ട്. ജില്ലയിലെ എല്ലാ എം.എൽ.എമാരും മന്ത്രിമാരും എം.പിമാരും കാര്യങ്ങൾ ചർച്ച ചെയ്ത് കൃത്യമായി നടപ്പാക്കുമെന്നും അബ്ദുറഹിമാൻ വ്യക്തമാക്കി.