ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

0
82

സാംസ്‌കാരിക വകുപ്പ് കിഫ്ബിയുടെ സഹായത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും നവോഥാന നായകരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം മൂന്നര ഏക്കര്‍ ഭൂമിയില്‍ 56.91 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം മെയ് നാലിന് 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഒരു ലക്ഷം അടിയോളം വിസ്തീര്‍ണത്തില്‍ നിര്‍മിച്ച സമുച്ചയത്തില്‍ ആധുനിക ലൈറ്റിങ് സൗണ്ട് പ്രൊജക്ഷന്‍ സംവിധാനങ്ങള്‍ അടങ്ങിയ എ വി തീയേറ്റര്‍, ബ്ലാക്ക് ബോക്‌സ് തീയറ്റര്‍, ഇന്‍ഡോര്‍ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍ എന്നിവയ്ക്ക് പുറമെ ഡിജിറ്റല്‍ രൂപത്തിലുള്ള ലൈബ്രറി, ആര്‍ട്ട് ഗ്യാലറി, ക്ലാസ് മുറികള്‍, ശില്പ്പശാലകള്‍ക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാംസ്‌കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ക്ഷീര മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി, എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ മുഖ്യതിഥികളാവും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മേയര്‍ പ്രസന്ന ഏണസ്റ്റ്, കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. എം മുകേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വിണ്‍, സാംസ്‌കാരിക കാര്യ വകുപ്പ് ഡയറക്ടര്‍ എസ് സുബ്രഹ്മണ്യന്‍, സെക്രട്ടറി മിനി ആന്റണി, തെക്കുംഭാഗം വാര്‍ഡ് കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി ചലച്ചിത്ര താരങ്ങളായ നാദിര്‍ഷയും രമേശ് പിഷാരടിയും അവതരിപ്പിക്കുന്ന മ്യൂസിക് ഷോ, ടി എം കൃഷ്ണ അവതരിപ്പിക്കുന്ന സംഗീത കച്ചേരി ‘ഗുരു’, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ അവതരിപ്പിക്കുന്ന ഗുരു സാഗരം, ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യ അവതരിപ്പിക്കുന്ന നാടകം നവോഥാനം, ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്ര പ്രദര്‍ശനം, ഡോ. രേഖ രാജുവും സംഘവും നയിക്കുന്ന ഗുരുദേവ കൃതികളുടെ നൃത്താവിഷ്‌കാരം, എക്‌സിബിഷന്‍, പുസ്തകോത്സവം എന്നിവ നടത്തും.