Monday
22 December 2025
18.8 C
Kerala
HomeSportsഅനുമതിയില്ലാതെ സൗദി യാത്ര; ലയണല്‍ മെസിയെ സസ്‌പെന്‍ഡ് ചെയ്ത് പിഎസ്ജി

അനുമതിയില്ലാതെ സൗദി യാത്ര; ലയണല്‍ മെസിയെ സസ്‌പെന്‍ഡ് ചെയ്ത് പിഎസ്ജി

സൂപ്പര്‍ താരം ലയണല്‍ മെസിയെ സസ്‌പെന്‍ഡ് ചെയ്ത് ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജര്‍മ്മന്‍. ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിനാണ് നടപടി. മെസിയെ രണ്ടാഴ്ചത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് വിവിധ ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സസ്‌പെന്‍ഷന്‍ കാലയളവില്‍ പരിശീലിക്കാനോ മത്സരങ്ങളില്‍ പങ്കെടുക്കാനോ മെസിയ്ക്ക് അനുമതിയില്ല. ക്ലബ്ബില്‍ നിന്ന് പ്രതിഫലവും ലഭിക്കില്ല. ഞായറാഴ്ച സ്വന്തം ഗ്രൗണ്ടില്‍ ലോറിയന്റിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിഎസ്ജി പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താരം സൗദിയിലേയ്ക്ക് പോയത്. സൗദിയുമായി ടൂറിസം രംഗത്തുള്ള കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് മെസി എത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്.

സൗദി സന്ദര്‍ശനത്തിന് പിന്നാലെ തിങ്കളാഴ്ച നടന്ന പിഎസ്ജിയുടെ പരിശീലനത്തില്‍ മെസി പങ്കെടുത്തില്ല. ഞായറാഴ്ച ട്രോയെസിന് എതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം. സസ്‌പെന്‍ഷനിലായതിനാല്‍ ഈ മത്സരത്തില്‍ മെസി കളിക്കില്ല. സസ്‌പെന്‍ഷന്‍ രണ്ടാഴ്ചയ്‌ത്തേക്കാണെങ്കില്‍ മെയ് 13ന് അജാസിയോയ്ക്ക് എതിരെ നടക്കുന്ന ഹോം മത്സരവും മെസിയ്ക്ക് നഷ്ടമാകും.

പിഎസ്ജിയുമായുള്ള രണ്ട് വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ്ബ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സസ്‌പെന്‍ഷന്‍ നടപടി. 2021ലാണ് സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയില്‍ നിന്ന് മെസി പിഎസ്ജിയിലെത്തിയത്. ബാഴ്‌സയില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനങ്ങള്‍ പിഎസ്ജിയിലും അതേപടി ആവര്‍ത്തിക്കാന്‍ മെസിയ്ക്ക് കഴിഞ്ഞിട്ടില്ല. ആദ്യ സീസണ്‍ പൂര്‍ണമായി നിരാശപ്പെടുത്തിയെങ്കില്‍ രണ്ടാം സീസണില്‍ മെസി ഫോമിലേയ്ക്ക് ഉയര്‍ന്നു. പിഎസ്ജിയ്ക്ക് വേണ്ടി 71 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകളാണ് മെസി നേടിയത്. ഈ സീസണില്‍ 15 അസിസ്റ്റുകളുമായി ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരങ്ങളുടെ പട്ടികയില്‍ മെസി ഒന്നാമതാണ്. 20 ഗോളുകളും താരം നേടിക്കഴിഞ്ഞു.

RELATED ARTICLES

Most Popular

Recent Comments