ഇംഗ്ലീഷ് പ്രീമിയർ ലീഗ്: കിരീട പ്രതീക്ഷകൾക്ക് പുത്തനുണർവ്വേകാൻ ആഴ്‌സണൽ ഇന്ന് ഇറങ്ങുന്നു

0
91

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പ്രതീക്ഷകൾക്ക് പുത്തനുണർവ്വേകാൻ ആഴ്‌സണൽ ഇന്ന് ഇറങ്ങുന്നു. കഴിഞ്ഞ ഒൻപത് മത്സരത്തിൽ ഒരെണ്ണത്തിൽ പോലും വിജയം കണ്ടെത്താൻ സാധിക്കാത്ത ചെൽസിയാണ് എതിരാളികൾ. അതിൽ അവസാന അഞ്ച് മത്സരങ്ങളിലും ലംബാർഡിന്റെ കീഴിലുള്ള ടീം തുടർ തോൽവികളാണ് നേരിട്ടത്. ആഴ്സണലിന്റെ ഹോം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12:30നാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ലീഗിൽ ഒരു തിരിച്ചുവരവിന് കളം ഒരുക്കാൻ ആഴ്‌സണലിന് സാധിക്കും.

ചെൽസിക്കെതിരെ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസവും ചെൽസിയുടെ ഫോമില്ലായ്മയുമാണ് ആഴ്‌സനലിനെ കരുത്ത്. ലീഗിലെ കഴിഞ്ഞ നാല് മത്സരങ്ങളിലും വിജയിക്കാൻ സാധിക്കാതിരുന്ന ആഴ്‌സണലിന് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ കിരീട പോരാട്ടത്തിലേക്ക് തിരിച്ചു വരുന്നതിന് ഇന്നത്തെ മത്സരത്തിൽ വിജയം ആവശ്യമാണ്. തുടർവിജയങ്ങളുമായി മുന്നേറുന്ന മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിന്റെ കിരീട മോഹങ്ങൾക്ക് മേൽ വീഴ്ത്തിയത് കരിനിഴൽ ആയിരുന്നു. കഴിഞ്ഞ ഒരു മാസം മുൻപ് വരെ പ്രീമിയർ ലീഗ് കിരീടം പീരങ്കി പടയുടെ ഷെൽഫിൽ ഇരിക്കും എന്നായിരുന്നു ഫുട്ബോൾ പണ്ഡിറ്റുകൾ അടക്കമുള്ളവർ വിലയിരുത്തിയത്. കിരീട വരൾച്ച നേരിട്ട സീസണുകൾക്ക് ശേഷം മൈക്കൽ ആർട്ടേറ്റയുടെ വരവിൽ ആദ്യമായാണ് ആഴ്‌സണൽ ലീഗിൽ കിരീടത്തിനായി ശക്തമായ മത്സരം ഒരുക്കിയത്.

പരിശീലകർ വാഴാത്ത ചെൽസി ഇന്ന് തകർന്നടിഞ്ഞിരിക്കുകയാണ്. താരകൈമാറ്റത്തിനായി ലീഗിൽ ഏറ്റവും അധികം പണം ചെലവാക്കിയ ക്ലസിക്ക് ലീഗിൽ ചലങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. തോമസ് ട്യുച്ചലിന് പകരം എത്തിയ ഗ്രഹാം പോട്ടറിനെ റിസൾട്ട് ലഭിക്കാത്തതിനാൽ കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. തുടർന്ന്, ക്ലബ്ബിന്റെ ഇതിഹാസ താരവും മുൻ പരിശീലകനുമായ ലാംപാർഡ് പരിശീലകനായി സ്ഥാനമേറ്റിരുന്നു. എന്നാൽ, കളിക്കളത്തിൽ ഒരു മാറ്റവും സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹ സ്ഥാനമേറ്റടുത്ത ശേഷം അവസാന അഞ്ച് മത്സരങ്ങളിൽ തോൽവി മാത്രമാണ് ടീമിനെ കാത്തിരുന്നത്. നിലവിൽ യൂറോപ്യൻ ടൂർണമെന്റുകളുടെ വാതിലുകൾ അടഞ്ഞ ചെൽസി ലീഗിൽ പന്ത്രണ്ടാം സ്ഥാനത്താണ്.