ഓപ്പറേഷൻ കാവേരി: സുഡാനിൽ നിന്ന് 135 പേരടങ്ങുന്ന ഇന്ത്യൻ സംഘം ജിദ്ദയിലെത്തി

0
78

ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യം തുടരുന്നു. സുഡാനിൽ നിന്ന് 135 പേരടങ്ങുന്ന ഇന്ത്യൻ സംഘം ജിദ്ദയിലെത്തി. പോർട്ട് സുഡാനിൽ നിന്ന് വ്യോമസേന വിമാനത്തിലാണ് മൂന്നാം സംഘം എത്തിയത്. ഇതുവരെ 561 ആളുകളെയാണ് സുഡാൻ പോർട്ടിൽ നിന്ന് ജിദ്ദയിലെത്തിച്ചത്.

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ കാവേരി ഇന്നലെയാണ് ആരംഭിച്ചത്. ഓപ്പറേഷൻ കാവേരിക്ക് നേതൃത്വം നൽകുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ ജിദ്ദയിലെത്തുന്ന ഇന്ത്യൻ സംഘത്തെ സ്വീകരിച്ചു.
ഇന്നലെ അർധ രാത്രിയാണ് ആദ്യ ഇന്ത്യൻ സംഘം കപ്പൽ വഴി ജിദ്ദയിലെത്തിയത്. 278 പേരായിരുന്നു ആദ്യ സംഘത്തിലുള്ളത്. ഇതിൽ മലയാളികളും ഉണ്ട്. ഈയാഴ്ച തന്നെ മുഴുവൻ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരികെയെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

മൂവായിരത്തിലധികം ഇന്ത്യക്കാർ സുഡാനിൽ കുടുങ്ങി കിടക്കുന്നതായാണ് റിപോർട്ട്. ഇവരെ നാട്ടിലെത്തിക്കാൻ സൗദി, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹായം നേരത്തെ ഇന്ത്യ തേടിയിരുന്നു. ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇതുസംബന്ധമായി ചർച്ചയും നടത്തിയിരുന്നു.