രാജ്യത്തിന്റെ ഓര്‍മകളില്‍ നിന്ന് ഫാസിസം തുടച്ചുനീക്കാന്‍ സ്‌പെയിന്‍. ഫാസിസം പ്രതിനിധാനം ചെയ്യുന്ന എല്ലാ പ്രതീകങ്ങള്‍ക്കുമെതിരായ സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായി ഫാഷിസ്റ്റ് നേതാവ് ഹോസെ അന്റോണിയോ പ്രിമോ ഡി റിവേരയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത് മാറ്റി സംസ്‌കരിക്കാനാണ് തീരുമാനം.
ഫാഷിസ്റ്റ് ഫലാന്‍ഞ്ചെ മൂവ്‌മെന്റിന്റെ സ്ഥാപകന്‍ കൂടിയാണ് അന്റോണിയോ പ്രിമോ ഡി റിവേര. 1936-1939 സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന് കാരണമായ ജനറല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ കലാപത്തില്‍ റിവേര പ്രധാനിയായിരുന്നു. മാഡ്രിഡിലെ സാന്‍ ഇസിഡ്രോ സെമിത്തേരിയിലേക്കാണ് അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടം മാറ്റിനിക്ഷേപിക്കുക.
നിലവില്‍ റിവേരയുടെ ശവകുടീരം ഫാളന്‍ താഴ്വവരയിലെ ബസിലിക്കയിലെ അള്‍ത്താരയുടെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് സാന്‍ ഇസിഡ്രോ സെമിത്തേരിയിലേക്ക് മൃതദേഹം മാറ്റും.
നേരത്തെ 2019ല്‍ ജനറല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ ഭൗതികാവശിഷ്ടവും ഇത്തരത്തില്‍ മാറ്റിയിരുന്നു. ഇത് തീവ്രവലതുപക്ഷ പ്രവര്‍ത്തകരെ പ്രകോപിച്ചെങ്കിലും നീക്കത്തില്‍ നിന്ന സര്‍ക്കാര്‍ പിന്‍വലിഞ്ഞിരുന്നില്ല. 1936ല്‍ അലികാന്റെയില്‍ വച്ച്് റിപ്പബ്ലിക്കന്‍ ഫയറിംഗ് സ്‌ക്വാഡാണ് റിവേരയെ വധിച്ചത്.