സംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ‘ഓപ്പറേഷൻ കാവേരി’യുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നു വിദേശകാര്യമന്ത്രി എസ്.ജയ്‍ശങ്കർ. 500 ഇന്ത്യക്കാരെ സുഡാൻ തുറമുഖത്ത് എത്തിച്ചു. കപ്പലുകളിലും വിമാനങ്ങളിലുമായിട്ടാകും ഇവരെ നാട്ടിലെത്തിക്കുക.
ഓപ്പറേഷൻ കാവേരിയിലൂടെ കൂടുതൽ പേരെ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനം തുടരുമെന്നും സുഡാനിൽ കുടുങ്ങിയ സഹോദരങ്ങളെ സഹായിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ജയ്ശങ്കർ ട്വിറ്ററിൽ വ്യക്തമാക്കി. ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി നാവികസേനയുടെ ഐഎൻഎസ് സുമേധ പടക്കപ്പൽ പോർട്ട് സുഡാനിൽ എത്തിയെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വ്യോമസേനയുടെ രണ്ട് സി–130ജെ വിമാനങ്ങൾ സൗദി അറേബ്യയിലെ ജിദ്ദയിൽ സജ്ജമാക്കിയിട്ടുണ്ട്. സുഡാനിൽനിന്ന് ഇന്ത്യക്കാരടക്കമുള്ള ചിലരെ സൗദി അറേബ്യ രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചിരുന്നു. സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിനൊപ്പമാണു സൗഹൃദ രാഷ്ട്രങ്ങളുടെ പൗരന്മാരെക്കൂടി സൗദി രക്ഷിച്ചത്. വെടിനിർത്തൽ ധാരണകൾ ലംഘിച്ച് ഇരുപക്ഷവും പോരാട്ടം കടുപ്പിച്ചതോടെ, സുഡാനിൽ ഗുരുതര പ്രതിസന്ധിയാണ് നിലനിൽക്കുന്നത്.