ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ ആർസിബിയ്ക്ക് അവിശ്വസനീയ തകർച്ച

0
27

ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ ആർസിബിയ്ക്ക് അവിശ്വസനീയ തകർച്ച. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 189 റൺസ് നേടി. 44 പന്തിൽ 77 റൺസ് നേടിയ ഗ്ലെൻ മാക്സ്‌വൽ ആണ് ആർസിബിയുടെ ടോപ്പ് സ്കോറർ. ഫാഫ് ഡുപ്ലെസി 62 റൺസ് നേടി. രാജസ്ഥാനു വേണ്ടി ട്രെൻ്റ് ബോൾട്ടും സന്ദീപ് ശർമയും 2 വിക്കറ്റ് വീതം വീഴ്ത്തി.

ഞെട്ടലോടെയാണ് ബാംഗ്ലൂർ ഇന്നിംഗ്സ് ആരംഭിച്ചത്. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ വിരാട് കോലി ഗോൾഡൻ ഡക്ക്. മൂന്നാം ഓവറിലെ ആദ്യ പന്തിൽ ഷഹബാസ് അഹ്‌മദും (2) പുറത്ത്. ട്രെൻ്റ് ബോൾട്ടിനായിരുന്നു രണ്ട് വിക്കറ്റും. എന്നാൽ, നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ മാക്സ്‌വലും തകർപ്പൻ ഫോമിലുള്ള ഫാഫ് ഡുപ്ലെസിയും ചേർന്ന് ബാംഗ്ലൂരിനെ ട്രാക്കിലെത്തിച്ചു. ചിന്നസ്വാമിയിലെ ബാറ്റിംഗ് ട്രാക്കിൽ അനായാസം ബാറ്റ് ചെയ്ത സഖ്യം വേഗത്തിൽ സ്കോർ ഉയർത്തി. 27 പന്തിൽ മാക്സ്‌വലും 31 പന്തിൽ ഡുപ്ലെസിയും ഫിഫ്റ്റി തികച്ചു. 125 റൺസ് നീണ്ട തകർപ്പൻ കൂട്ടുകെട്ട് ഒടുവിൽ യശസ്വി ജയ്സ്വാൾ അവസാനിപ്പിച്ചു. 39 പന്തിൽ 62 റൺസ് നേടിയ ഡുപ്ലെസിയെ യശസ്വി നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കുകയായിരുന്നു.

ഏറെ വൈകാതെ മാക്സ്‌വലും മടങ്ങി. ആർ അശ്വിനാണ് മാക്സ്‌വലിനെ പുറത്താക്കിയത്. ഇതോടെ റൺ നിരക്ക് താഴ്ന്നു. മഹിപാൽ ലോംറോർ (8) ചഹാലിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോൾ സുയാശ് പ്രഭുദേശായ് (0) റണ്ണൗട്ടായി. യശസ്വി ജയ്സ്വാളിൻ്റെ ഫീൽഡീംഗ് ആണ് വീണ്ടും റണ്ണൗട്ടിനു വഴി തെളിച്ചത്. അവസാന ഓവറിലെ ആദ്യ പന്തിൽ ബൈ റൺസിനോടിയ വനിന്ദു ഹസരംഗ റണ്ണൗട്ടായി. അവസാന ഓവറിലെ രണ്ടാം പന്തിൽ ദിനേശ് കാർത്തിക് (16) പുറത്തായി. സന്ദീപ് ശർമയ്ക്കായിരുന്നു വിക്കറ്റ്. തൊട്ടടുത്ത പന്തിൽ വിജയകുമാർ വൈശാഖും (0) പുറത്ത്. അവസാന രണ്ട് പന്തുകളിൽ 4 റൺസ് നേടിയ ഡേവിഡ് വില്ലിയാണ് ആർസിബിയെ 190നരികെ എത്തിച്ചത്.