അദാനി ഹിൻഡൻബർഗ് വിഷയം; അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി; പ്രതികരണവുമായി ഗൗതം അദാനി

0
77

അദാനി ഹിൻഡൻബർഗ് വിഷയത്തിൽ സെക്യൂരിറ്റീസ് കോൺട്രാക്ട്സ് റെഗുലേഷന്റെ റൂൾ 19 (a) യിൽ ലംഘനം, റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷനുകളുമായി ബന്ധപ്പെടുന്ന പ്രധാന വിവരങ്ങൾ ഡിസ്ക്ലോസ് എന്നിവ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ സുപ്രീം കോടതി നിർദേശിച്ചു.

ഈ വിഷയത്തിൽ അന്വേഷണം നടത്താൻ കോടതി ഒരു വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. റിട്ട.ജസ്റ്റിസ് അഭയ് മനോഹർ സപ്രെ അധ്യക്ഷനായ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. രണ്ട് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് കോടതി നിര്‍ദേശിച്ചത്.

സെക്യൂരിറ്റീസ് കോൺട്രാക്ട്സ് റെഗുലേഷന്റെ റൂൾ 19 (a) യിൽ ലംഘനം ഉണ്ടായിട്ടുണ്ടോ, നിയമപ്രകാരം റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷനുകൾ ഡിസ്ക്ലോസ് ചെയ്യുന്നതിൽ വീഴ്ച വന്നിട്ടുണ്ടോ? കൂടാതെ നിയമം അനുശാസിക്കുന്ന, റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷനുകളുമായി ബന്ധപ്പെടുന്ന പ്രധാന വിവരങ്ങൾ ഡിസ്ക്ലോസ് ചെയ്തിട്ടുണ്ടോ, നിലവിൽ നില നിൽക്കുന്ന നിയമങ്ങളെ മറികടന്ന് ഓഹരിവിലകളിൽ കൃത്രിമം കാണിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം.

സെബി നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം പരിമിതപ്പെടുത്തുന്ന രീതിയിൽ വ്യാഖ്യാനങ്ങൾക്ക് മുതിരില്ലെന്ന് കോടതി അറിയിച്ചു. വേഗത്തിൽ അന്വേഷണം അവസാനിപ്പിച്ച്, രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. തുടർന്ന് സ്റ്റാറ്റസ് റിപ്പോർട്ട് ഒരു ഫയലായി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടതിൽ പിന്നാലെ പ്രതികരണവുമായി ഗൗതം അദാനിയും രം​ഗത്തെത്തി. “ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവിനെ അദാനി ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു. സമയബന്ധിതമായി ഇത് അന്തിമഫലം കൊണ്ടുവരും. സത്യം വിജയിക്കും.” എന്നാണ് അദാനി ട്വീറ്റ് ചെയ്തത്.