നാല്‌ വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം പതിനയ്യായിരമായി വർധിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി

0
96

അടുത്ത നാല്‌ വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം പതിനയ്യായിരമായി വർധിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 4000 സ്റ്റാർട്ടപ്‌ മുഖേന 40,000 തൊഴിലവസരം സൃഷ്ടിക്കാനായെന്ന്‌ സംസ്ഥാന വനിതാ വികസന കോർപറേഷന്റെ 35–-ാം വാർഷികവും കെ ആർ ഗൗരിയമ്മ എൻഡോവ്‌മെന്റ്‌ പ്രഖ്യാപനവും നിർവഹിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.

സംരംഭക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ വർധിപ്പിക്കാനാകണം. തൊഴിൽരംഗത്തെയും വ്യവസായരംഗത്തെയും സ്ത്രീകളുടെ പിന്നോട്ടടി പരിഹരിക്കണം. സംരംഭക വർഷത്തിന്റെ ഭാഗമായി ആരംഭിച്ച 1.33  ലക്ഷം സംരംഭത്തിൽ 43,000ത്തിലധികം  സ്ത്രീകളുടേതാണ്‌. ആകെ 2.8 ലക്ഷം തൊഴിലവസരം നൽകാനും 8000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനുമായി.

വനിതാ വികസന കോർപറേഷന്‌ വായ്‌പയെടുക്കാനുള്ള സർക്കാർ ഗ്യാരന്റി എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയശേഷം ആറിരട്ടിയായി വർധിപ്പിച്ചു. 2016ൽ 145 കോടി ഉണ്ടായിരുന്ന ഗ്യാരന്റി ഇപ്പോൾ 845 കോടി രൂപയായി. തൊഴിൽമേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്‌.

ബജറ്റിൽ സർക്കാർ വിഭാവനംചെയ്‌ത വർക്ക്‌ നിയർ ഹോം പദ്ധതി സ്ത്രീകൾക്ക്‌ എങ്ങനെ ഗുണമാകുമെന്ന്‌ പരിശോധിക്കണം. സ്ത്രീ സമൂഹത്തിന്റെ ക്ഷേമവികസന കാര്യങ്ങൾക്കായുള്ള വിവിധ പരിപാടികൾ നടപ്പാക്കുന്ന പദ്ധതികൾ നല്ല രീതിയിലുള്ള വികസനത്തിന്‌ ഉപകരിക്കും. ഇതിനുള്ള അടിത്തറയാണ്‌ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്ത്രീപങ്കാളിത്തം. ഇക്കാര്യത്തിൽ രാജ്യത്ത്‌ ഏറ്റവും ഉന്നതിയിൽ കേരളമാണ്‌. അവരുടെ ശേഷി കൂടുതൽ വികസിപ്പിക്കാനാകണമെന്നും വ്യാവസായിക, തൊഴിൽ, സംരംഭക മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.