സംസ്ഥാനത്ത് ഐ.ടി.ഐ.കളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മതിയായ ഭൂമി ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. നിലവിലുള്ള കെട്ടിടങ്ങളിലെ അപാകതകള്‍
പരിഹരിച്ച് ഗ്രീന്‍ ക്യാമ്പസുകള്‍ സൃഷ്ടിക്കുന്നുണ്ട്. കിഫ്ബി ഫണ്ട് വിനിയോഗത്തിലൂടെ വകുപ്പിനു കീഴിലുള്ള 10 ഐ.ടി.ഐ.കളെയും സംസ്ഥാന ഫണ്ട് വിനിയോഗിച്ച് 2 ഐ.ടി.ഐ. കളെയും അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന്‍റെ നടപടികള്‍ സ്വീകരിച്ചു
വരികയാണ്. കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ലഭ്യമാകാത്ത സ്ഥാപനങ്ങള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട്
ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
എല്ലാ ഗവണ്‍മെന്‍റ് ഐ.ടി.ഐ. കളിലും പരിശീലനം സൗജന്യമായാണ് നല്‍കുന്നത്. കിഫ്ബിയുടെ സഹായത്തോടെ വകുപ്പിന് കീഴിലുള്ള ധനുവച്ചപുരം, ഏറ്റുമാനൂര്‍, ചന്ദനത്തോപ്പ്, കട്ടപ്പന, കണ്ണൂര്‍, കൊയിലാണ്ടി, മലമ്പുഴ, ചെങ്ങന്നൂര്‍, ചാലക്കുടി, കയ്യൂര്‍ എന്നീ 10 സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുകയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ ഫണ്ട് ഉപയോഗിച്ച് കോഴിക്കോട്, ചാക്ക എന്നീ രണ്ട് ഐ.ടി.ഐ കളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി ചാക്ക ഐ.ടി.ഐ യുടെ ഒന്നാം ഘട്ട ഉദ്ഘാടനം പൂര്‍ത്തിയായിട്ടുണ്ട് മന്ത്രി വ്യക്തമാക്കി.
ക്രാഫ്റ്റ്സ്മാന്‍ ട്രെയിനിംഗ് സ്കീമിന്‍റെ പാഠ്യ പരിശീലന പദ്ധതി കേന്ദ്രസര്‍ക്കാരിന്‍റെ നൈപുണ്യ വികസനവും സംരംഭകത്വവും മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രെയിനിംഗ് ആണ് തയ്യാറാക്കുന്നത്. ഈ പാഠ്യ പരിശീലന പദ്ധതിയാണ് രാജ്യത്താകമാനമുള്ള സര്‍ക്കാര്‍/ സ്വകാര്യ വ്യാവസായിക പരിശീലന സ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്നത്. കോഴിക്കോട് ജനറല്‍ ഐ.ടി.ഐ യില്‍ 50 കമ്പ്യൂട്ടറോടുകൂടിയ ലാബ്
സജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഐ.ടി.ഐ കളില്‍ ഏകീകരിക്കപ്പെട്ടതും ഗുണമേന്മയുള്ളതുമായ പരിശീലന സംവിധാനം നടപ്പിലാക്കുന്നതിനും അതുവഴി പരിശീലനാര്‍ത്ഥികള്‍ക്ക് ഫലപ്രദവും കാര്യക്ഷമവുമായ പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വകുപ്പിലെ ഐ ടി സെല്‍ രൂപകല്‍പ്പന ചെയ്ത ഓണ്‍ലൈന്‍ പരിശീലന പഠന വിഭവങ്ങളുടെ ഡിജിറ്റല്‍ കലവറയാണ് സ്മൈല്‍. നാഷണല്‍ കൗണ്‍സില്‍ വൊക്കേഷണല്‍ ട്രെയിനിംഗ് അനുശാസിക്കുന്ന നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് അധിഷ്ടിത സിലബസ്സ് അടിസ്ഥാനമാക്കി സമഗ്രമായും സംക്ഷിപ്തമായും തയ്യാര്‍ ചെയ്യുന്നു -മന്ത്രി കൂട്ടിചേര്‍ത്തു.