ക്രമസമാധാനപാലനത്തിന് ക്രിമിനൽ ബന്ധമുള്ളവർ വേണ്ട; പോലീസിലെ പുഴുക്കുത്ത് നീക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ

0
59

ക്രിമിനല്‍ കേസില്‍പ്പെടുകയും ഇത്തരം സംഘങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടികൾ സ്വീകരിച്ചു വരികയാണ് സംസ്ഥാന സര്‍ക്കാര്‍. അതിന്റെ ഭാ​ഗമായി സേനയിൽ പിരിച്ചുവിടൽ അടക്കമുള്ള നടപടികളുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ
ഇത്തരം നടപടി നേരിട്ടവരുടെ വിവരങ്ങൾ ചുവടെ. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നും അവരുടെ പട്ടിക ഡിജിപി പരിശോധിക്കുകയാണെന്നുമാണ് വിവരം.

ഗുണ്ടാസംഘങ്ങളുമായി ബന്ധം പുലര്‍ത്തിയതിനും അവരുടെ ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ചതിനും തിരുവനന്തപുരം റൂറല്‍ സി ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജെ.ജോണ്‍സണ്‍, വിജിലന്‍സ് ഡിവൈ.എസ്.പി എം.പ്രസാദ് എന്നിവരെ സസ്പെന്‍റ് ചെയ്തു.

തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍പ്പെടുകയും ശിക്ഷാനടപടികള്‍ നേരിടുകയും ചെയ്ത ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച് ഒ പി.ആര്‍.സുനുവിനെ 09.01.2023 ലെ ഉത്തരവ് പ്രകാരം സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. അരുവിക്കര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസിലും വയോധികയെ മര്‍ദ്ദിച്ച കേസിലും പ്രതിയായ തിരുവനന്തപുരം സിറ്റി എ.ആര്‍.ക്യാമ്പിലെ ഡ്രൈവര്‍ ഷെറി.എസ്.രാജിനെ സിറ്റി പോലീസ് കമ്മീഷണര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു.

ലൈംഗിക പീഡനക്കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ശ്രീകാര്യം പോലീസ് സ്റ്റേഷനിലെ മുന്‍ എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ്, ലൈംഗിക പീഡനക്കേസില്‍ പ്രതിയായ തിരുവനന്തപുരം ട്രാഫിക് സ്റ്റേഷന്‍ സി.പി.ഒ റെജി ഡേവിഡ് എന്നിവരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തു. ഗുണ്ടാസംഘങ്ങളുമായി ബന്ധം പുലര്‍ത്തിയതിനും കേസ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനും പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, മംഗലപുരം എസ്.എച്ച്.ഒ എച്ച്.എല്‍.സജീഷ്, തിരുവല്ലം എസ്.ഐ കെ.ആര്‍.സതീഷ് എന്നിവരെയും മംഗലപുരം പോലീസ് സ്റ്റേഷനിലെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെയും (രണ്ട് ഗ്രേഡ് എസ്.ഐമാര്‍, ഒരു ഗ്രേഡ് എസ്.ഐ, രണ്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍) സസ്പെന്‍റ് ചെയ്തിട്ടുണ്ട്.

കൂടാതെ മംഗലപുരം പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയും പകരം ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ചേരാനെല്ലൂര്‍ എസ്.എച്ച്.ഒ കെ.ജി വിപിന്‍കുമാറിനെ സസ്പെന്‍റ് ചെയ്തു. നിക്ഷേപ തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണയുമായി ബന്ധം പുലര്‍ത്തുകയും അയാള്‍ അഭിനയിച്ച ചിത്രം സംവിധാനം ചെയ്യുകയും ചെയ്ത തൃശ്ശൂര്‍ റൂറല്‍ വലപ്പാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ സാന്‍റോ തട്ടിലിനെ സസ്പെന്‍റ് ചെയ്തു.

നെല്ലും പതിരും വേർതിരിക്കാം

55,000 അംഗങ്ങളുള്ള പോലീസ് സേനയില്‍ 1.56 ശതമാനമാണ് ക്രിമിനൽ സ്വഭാവമുള്ളത്. 98.44 ശതമാനം സേനാംഗങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍പ്പെടാത്തവരാണെന്നതാണ് വസ്തുത. പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 504 കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസുദ്യോഗ സ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുന്നതുള്‍പ്പെടെയുളള ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നു.

ഇത്തരത്തില്‍ 2017 ല്‍ ഒന്നും, 2018 ല്‍ രണ്ടും 2019 ല്‍ ഒന്നും, 2020 ല്‍ രണ്ടും ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിവിധ റാങ്കുകളിലുളള 8 പോലീസുദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിട്ടിട്ടുണ്ട്. കൂടാതെ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 2 പോലീസുദ്യോഗസ്ഥരെ 2022 ലും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ട മറ്റ് 2 പോലീസുദ്യോഗസ്ഥരെയും സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ക്രിമിനൽ കേസുകളിൽ ബന്ധപ്പെട്ട രണ്ട് എസ്എച്ച്ഒ, ഒരു സിപിഒ എന്നിവരെയും സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടിട്ടുണ്ട്.

പോലീസിനെ ഒരു ജനസൗഹൃദ സേനയാക്കി മാറ്റാനുള്ള സർക്കാർ നടപടികൾ

പോലീസിനെ ഒരു ജനസൗഹൃദ സേനയാക്കി മാറ്റാനുള്ള ഫലപ്രദമായ പരിശ്രമങ്ങള്‍ നടത്തിവരികയാണ് സര്‍ക്കാര്‍. സ്റ്റുഡന്റ് പോലീസ്, ജനമൈത്രി പോലീസ് എന്നീ പദ്ധതികള്‍ വഴി പോലീസ് സേനയില്‍ സാമൂഹികപങ്കാളിത്തം ഉറപ്പാക്കാനുള്ള പരിപാടികളാണ് നടപ്പാക്കുന്നത്. പ്രകൃതിദുരന്തങ്ങളുടെയും മറ്റ് ആപത് സന്ധികളിലും ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന സേവനമനോഭാവമുള്ള  സേനയാണ് നമ്മുടെ സംസ്ഥാനത്തിനുള്ളത്. ഇതിനുള്ള അംഗീകാരം ദേശീയതലത്തില്‍ ലഭിച്ചിട്ടുമുണ്ട്.

യു.ഡി.എഫ് കാലത്ത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടത് 976 പോലീസ് ഉദ്യോഗസ്ഥർ

യു.ഡി.എഫ് കാലത്ത് 976 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടുവെന്ന്  2014 ഡിസംബർ 15 ന് നിയമസഭയിൽ അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.