ക്രിസ്തുമസ് കാലത്ത് ചരിത്ര നേട്ടമുണ്ടാക്കി കെ എസ് ആര്‍ ടി സി

0
70

അവധിക്കാലം യാത്രക്കാര്‍ക്ക് മികച്ച സൗകര്യമൊരുക്കി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച് കെ എസ് ആര്‍ ടി സി. ഡിസംബറില്‍ 222.32 കോടി രൂപ എന്ന ചരിത്ര നേട്ടവും, 8 കോടി ശരാശരി ദിവസ വരുമാനമെന്ന നേട്ടവും കെ എസ് ആര്‍ ടി സി സ്വന്തമാക്കി. ക്രിസ്തുമസ്സ് ന്യൂ ഇയര്‍ പ്രമാണിച്ച് അധിക ബസ്സുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത്, ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നല്‍കുകയും യാത്രകാര്‍ക്ക് ബാംഗ്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും തിരിച്ചും ആവശ്യത്തിനനുസരിച്ച് സര്‍വീസുകള്‍ നടത്തുകയും ചെയ്തതോടെയാണ് കെ എസ് ആര്‍ ടി സി ഡിസംബര്‍ മാസം റെക്കോര്‍ഡ് വരുമാന നേട്ടം സ്വന്തമാക്കിയത്. പ്രതിദിന വരുമാനത്തിലെ റെക്കോര്‍ഡ് ജനുവരി മാസത്തില്‍ തിരുത്തുകയും ചെയ്തു. 2022 സെപ്റ്റംബര്‍ പന്ത്രണ്ടാം തീയതി ലഭിച്ച 8.41 കോടി രൂപ കളക്ഷന്‍ ഭേദിച്ച് ജനുവരി 3 ന് 8.43 കോടി രൂപയെന്ന സര്‍വ്വകാല റിക്കോഡ് കളക്ഷനും സ്വന്തമാക്കി.

കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും 72 സര്‍വീസുകള്‍ ആണ് ബാഗ്ലൂരിലേക്ക് പ്രധാന ദിവസങ്ങളില്‍ ക്രമീകരിച്ചിരുന്നത്. ഇതു കൂടാതെ ചെന്നൈക്ക് 8 സര്‍വീസുകളും നടത്തി. ഈ സര്‍വ്വീസുകളുടെ അവസാന ദിവസങ്ങളില്‍ മുഴുവന്‍ സീറ്റുകളും മുന്‍കൂട്ടി റിസര്‍വ്വ് ആകുകയും യാത്രക്കാരുടെ തിരക്കിനനുസൃതമായി നാല് അധിക സര്‍വീസുകള്‍ കൂടി അയക്കുകയും ചെയ്തത് വലിയ നേട്ടമാകുകയും അവസാന സമയം എത്തിയ യാത്രക്കാര്‍ക്ക് ആശ്വാസമാകുകയും ചെയ്തു. കെ എസ് ആര്‍ ടി സിയുടെ നേട്ടം കാലങ്ങളായി ജനങ്ങളെ അമിതചാര്‍ജ് ഈടാക്കി കൊള്ളയടിച്ചിരുന്ന സ്വകാര്യ ലോബിക്കും അവരുടെ കൂട്ടാളികള്‍ക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.

ക്രിസ്തുമസ് ന്യൂ ഇയര്‍ അവധിക്കാലത്തെ ഡിസംബര്‍ 22 മുതല്‍ ജനുവരി 2 വരെയുള്ള ദിവസങ്ങളില്‍ മാത്രം പ്രത്യേകമായി നടത്തിയ 274 സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ 9362 ട്രിപ്പുകളിലായി 2,83,568 യാത്രക്കാര്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്തതു വഴി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മുഖേന മാത്രം 12,25,71,848 രൂപ കെഎസ്ആര്‍ടിസിക്ക് നേടാനായതും സര്‍വ്വകാല റിക്കോഡ് ആണ്. അന്തര്‍ സംസ്ഥാന ബസ്സുകളും ദീര്‍ഘദൂര ബസ്സുകളും ഒന്നിടവിട്ട ദിവസങ്ങളാലാണ് തിരികെ എത്തുന്നതും കളക്ഷന്‍ അടക്കുന്നതും. പീക്ക് ദിവസങ്ങളില്‍ മാത്രം അഡീഷണല്‍ സര്‍വീസ് ഓപ്പറേറ് ചെയ്തതിനാല്‍ ദിവസം ഓടിച്ച ബസ്സിന്റെ എണ്ണത്തിനൊപ്പം അതേ ദിവസം വരുമാനവും വരില്ല എന്നതും, തൊട്ടടുത്ത ദിവസങ്ങളിലാണ് വരുമാനം വരിക എന്നതും മനസിലാകാതെ ദുരൂഹതയും അഭ്യൂഹവും തെറ്റായ പ്രചരണങ്ങളും ചിലര്‍ നടത്തുകയാണെന്ന് കെ എസ് ആര്‍ ടി സി എം ഡി പറഞ്ഞു.

മുന്‍കൂട്ടി യാത്രക്കാര്‍ക്ക് അവരുടെ സൗകര്യപ്രദമായ റൂട്ടിലും സമയത്തും മുന്‍കൂറായി തന്നെ സീറ്റുകള്‍ ഉറപ്പാക്കി യാത്രാസൗകര്യം നല്‍കാനായതാണ് വരുമാനത്തിലും ഓണ്‍ലൈന്‍ റിസര്‍വേഷനിലും വന്‍ കുതിച്ചു ചാട്ടവും വരുമാനവും ഉണ്ടാക്കിയത്. ചെലവ് കുറച്ച് ശാസ്ത്രീയമായി ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്തതിലൂടെയും അനാവശ്യ കോണ്‍വോയ് ട്രിപ്പുകളും സര്‍വിസും ഒഴിവാക്കായതിലൂടെ ഏതാണ്ട് 1000 ബസ്സുകളും 5 ലക്ഷം കിലോമീറ്ററും കുറച്ച് ഓടിച്ചതില്‍ 1 കോടി രൂപയോളം ഓപ്പറേറ്റിംഗ് ചെലവ് ഒഴിവാക്കിയാണ് സര്‍വ്വകാല റിക്കോഡ് കളക്ഷനും ജനോപകാരപ്രദമായ സ്‌പെഷ്യല്‍ അഡീഷണല്‍ സര്‍വ്വീസുകളും നടത്തിയത്. ക്രിസ്തുമസ് അവധി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഓഫീസ് സ്‌കൂള്‍ ഓര്‍ഡിനറി ബസ്സുകള്‍ കുറക്കുകയും ദീര്‍ഘദൂര അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കും പ്രാധാന്യം നല്‍കി ഓപ്പറേറ്റ് ചെയ്തതില്‍ നിന്നുമാണ് ഈ നേട്ടം കൈവരിക്കാനായത്.

ഡിസംബര്‍ 17 ന് 3974 ബസ്സുകള്‍ 13.37 ലക്ഷം കിലോമീറ്റര്‍ ഓപ്പറേറ്റ് ചെയ്തപ്പോള്‍ 7.24 കോടി രൂപയും തുടര്‍ന്ന് അവധികള്‍ കഴിഞ്ഞ ജനുവരി മൂന്നിന് 14.62 ലക്ഷം കിലോമീറ്റര്‍ 4370 ബസ്സുകളും ഓപ്പറേറ്റ് ചെയ്തതില്‍ 8.43 കോടി രൂപയും വരുമാനം ലഭിച്ചത്. നവംബര്‍ 14 മുതല്‍ ഓപ്പറേറ്റ് ചെയ്തുവരുന്ന ശബരിമല സ്‌പെഷ്യല്‍ സര്‍വിസിന്റെ ഏറ്റവും തിരക്കേറിയ ഡിസംബര്‍ മാസം അയ്യപ്പഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ശരാശരി 1 കോടി രൂപ വരുമാനവും ഇതിനൊപ്പം നിലനിര്‍ത്തുവാന്‍ കഴിഞ്ഞു എന്നത് നേട്ടമാണ്.