ഇടുക്കി ഭൂമി പ്രശ്‌നത്തില്‍ നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. പട്ടയ ഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കും. അനധികൃത റിസോര്‍ട്ടുകള്‍ക്ക് പക്ഷേ ഈ പരിരക്ഷ ഉണ്ടാകില്ല.
ഇടുക്കി ജില്ലയിലെ വിവിധ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേരള ഭൂപതിവ ചട്ടത്തില്‍ ഭേദഗതി വരുത്താനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനം. ഈ മാസം 23ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍, ഈ ഭേദഗതി ബില്‍ കൊണ്ടുവരും. 1960ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഈ ഭേദഗതി.
ഭൂപതിവ് ചട്ടം ഭേദഗതിയില്‍ 4 എ വകുപ്പ് പുതുതായി ഉള്‍പ്പെടുത്തും. 1500 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ളവ ക്രമപ്പെടുത്താന്‍ ഉയര്‍ന്ന ഫീസ് ഈടാക്കും. പൊതുകെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിച്ചായിരിക്കും ക്രമപ്പെടുത്തല്‍. ഭേദഗതിക്കായുള്ള തുടര്‍ നിയമനടപടികള്‍ക്ക് റവന്യു വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു, വന, നിയമ വകുപ്പ് മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.