കര്‍ണാടകയില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ രണ്ട് ഐഎസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

0
123

കര്‍ണാടകയില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ രണ്ട് ഐഎസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഉഡുപ്പി ജില്ലക്കാരനായ റെഷാന്‍ താജുദ്ദീന്‍ ഷെയ്ഖ്, ശിവമോഗ സ്വദേശി ഹുസൈര്‍ ഫര്‍ഹാന്‍ ബെയ്ഗ് എന്നിവരാണ് പിടിയിലായത്. നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനും രാജ്യത്തിന്റെ ഐക്യവും സുരക്ഷയും പരമാധികാരവും അപകടത്തിലാക്കാനും പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ കണ്ടെത്തി. ദക്ഷിണ കന്നഡ, ശിവമോഗ, ദാവന്‍ഗരെ, ബംഗളൂരു ജില്ലകളിലെ ആറ് സ്ഥലങ്ങളിലാണ് എന്‍ഐഎ തിരച്ചില്‍ നടത്തിയത്.

പ്രതികളായ റഷാന്‍ താജുദ്ദീന്‍ ഷെയ്ഖും ഹുസൈര്‍ ഫര്‍ഹാന്‍ ബെയ്ഗും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ക്രിപ്റ്റോ വാലറ്റുകള്‍ വഴി ഐസ് പ്രവര്‍ത്തകനില്‍ നിന്ന് പണം കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ തീയിടുകയും വാഹനങ്ങളും മദ്യശാലകള്‍, ഗോഡൗണുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ മുതലായ സ്ഥാപനങ്ങള്‍ ആക്രമിക്കുകയും ചെയ്തു. നേരത്തെ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

പരിശോധനയില്‍ പ്രതികളുടെയും പ്രതികളുടെ വീടുകളില്‍ നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍ണായക രേഖകളും പിടിച്ചെടുത്തു. ശിവമോഗ ഐഎസ് ഗൂഡാലോചന കേസിലാണ് പുതിയ അറസ്റ്റ്. 2022 സെപ്റ്റംബര്‍ 19 ശിവമോഗ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നവംബര്‍ 15ന് എന്‍ഐഎ ഏറ്റെടുത്ത് വീണ്ടും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.