ഭീകരാക്രമണം രൂക്ഷം; ജമ്മുവില്‍ 1,800 സിആര്‍പിഎഫ് ജവാന്‍മാരെ അധികമായി വിന്യസിക്കും

0
113

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ ഭീകരാക്രമണ ശ്രമങ്ങള്‍ വര്‍ധിച്ചതോടെ കൂടുതല്‍ സേനയെ വിന്യസിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 18 കമ്പനി സിആര്‍പിഎഫ് ജവാന്‍മാരെയാണ് കൂടുതലായി ജമ്മു കശ്മീരിലേക്ക് അയയ്ക്കുന്നത്. 1,800 സൈനികരെ പൂഞ്ച്, രജൗറി ജില്ലകളിലായി വിന്യസിക്കും. ജമ്മു കശ്മീരിലെ മറ്റുസ്ഥലങ്ങളിലുള്ള 8 കമ്പനി സൈനികര്‍ ഉടന്‍ ഇവിടെ എത്തും. 10 കമ്പനിയെ ഡല്‍ഹിയില്‍നിന്ന് അയയ്ക്കും.

ജമ്മു മേഖലയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായതിനെത്തുടര്‍ന്നാണു കൂടുതല്‍ സൈനികരെ വിന്യസിക്കുന്നത്. ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ഉണ്ടായ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ പല സ്ഥലത്തും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തു. രണ്ട് ആക്രമണങ്ങളിലുമായി 12 പേര്‍ക്കാണ് പരുക്കേറ്റത്.

ഞായറാഴ്ച വൈകിട്ട് അടുത്തടുത്തുള്ള വീടുകളിലേക്കു ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് ഭീകരരര്‍ ചേര്‍ന്നു നടത്തിയ ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെടുകയും 6 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തിലാണു രണ്ട് പേര്‍ കൊല്ലപ്പെട്ടത്. രണ്ടാഴ്ച മുന്‍പ് സൈനിക ക്യാംപിനു സമീപത്തുണ്ടായ ആക്രമണത്തിലും രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഡിസംബര്‍ 16-ന് രജൗരി ജില്ലയില്‍ സൈനിക ക്യാമ്പിന് പുറത്ത് നടന്ന സിവിലിയന്‍ കൊലപാതകങ്ങളുടെ ചുവടുപിടിച്ചാണ് ഈ രണ്ട് ആക്രമണങ്ങളും നടന്നത്. ആക്രമണങ്ങള്‍ ജില്ലയിലുടനീളം പരിഭ്രാന്തി സൃഷ്ടിച്ചു, ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ സൈന്യവും സിആര്‍പിഎഫും വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സൈന്യവും സിആര്‍പിഎഫും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ രണ്ടു ഭീകരരെ പിടികൂടി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും കുടുംബത്തിലെ ഒരാള്‍ക്കു സര്‍ക്കാര്‍ ജോലിയും ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചു. എന്‍ഐഎയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.