പുതു തുടക്കം തേടി ഇന്ത്യ; ശ്രീലങ്കയ്ക്ക് എതിരെ ഇന്നിറങ്ങും

0
64

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിൽ വച്ച് നടക്കും. രോഹിത് ശർമ്മയുടെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയാണ് ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ പോകുന്നതെന്ന പ്രത്യേകതയുമുണ്ട്. അതേസമയം ശ്രീലങ്കൻ ടീമിന്റെ ചുമതല ദസുൻ ഷനകയുടെ കൈകളിലായിരിക്കും. ഇന്ത്യൻ സമയം രാത്രി ഏഴു മണി മുതലാണ് മത്സരം.

ആദ്യ ടി20 മത്സരത്തിൽ ഇഷാൻ കിഷനൊപ്പം ഓപ്പൺ ചെയ്യാൻ ശുഭ്മാൻ ഗില്ലിന് അവസരം ലഭിച്ചേക്കും. ഇതിനൊപ്പം സഞ്ജു സാംസണും കളത്തിൽ ഇറങ്ങാനാണ് സാധ്യത. ഋതുരാജ് ഗെയ്ക്കവാദിന് ഇന്ന് പുറത്തിരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാലാം നമ്പറിൽ തന്നെ ബാറ്റിംഗിന് ഇറങ്ങും.

അക്ഷർ പട്ടേലിനാണോ വാഷിംഗ്‌ടൺ സുന്ദറിനാണോ ഇന്നത്തെ ഇലവനിൽ അവസരം ലഭിക്കുകയെന്നത് കൗതുകകരമാണ്. രണ്ട് പേരും പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങാൻ ശേഷിയുള്ള താരങ്ങളാണ്. ബംഗ്ലാദേശിന് എതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ സുന്ദറിനാവും കൂടുതൽ സാധ്യത.

സ്‌പെഷ്യലിസ്‌റ്റ് സ്‌പിന്നർമാരിൽ യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരിൽ ഒരാൾക്ക് മാത്രമേ അവസരം ലഭിക്കൂ. ചാഹലിനാവും കൂടുതൽ സാധ്യത. ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്, അർഷദീപ് സിംഗ് എന്നിവരാകും മത്സരത്തിൽ പങ്കെടുക്കുന്ന മൂന്ന് ഫാസ്‌റ്റ് ബൗളർമാർ. ഒപ്പം ഹർദിക് പാണ്ഡ്യയും ചേരും.

ശ്രീലങ്കൻ ടീമിനെക്കുറിച്ച് പറയുമ്പോൾ, അസിത ഫെർണാണ്ടോയെയും ജെഫ്രി വാൻഡർസെയെയും ടീമിലില്ല. കഴിഞ്ഞ ടി20 ലോകകപ്പ് കാലിച്ചവരാണ് ഇരുവരും. ദുഷ്‌മന്ത ചമീരയുടെ പരിക്ക് ടീമിന് വെല്ലുവിളിയാണ്. എങ്കിലും മികച്ച ടീമിനെ തന്നെ രംഗത്ത് ഇറക്കാൻ അവർ ശ്രമിക്കും.

സാധ്യത ഇളവനുകൾ

ഇന്ത്യ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), വാഷിംഗ്‌ടൺ സുന്ദർ, ഹർഷൽ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, ഉമ്രാൻ മാലിക്, അർഷദീപ് സിംഗ്.

ശ്രീലങ്ക: പത്തും നിശങ്ക, കുസൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), ഭാനുക രാജപക്‌സെ, ധനഞ്ജയ് ഡി സിൽവ, ചാരിത് അസ്‌ലങ്ക, ദസുൻ ഷനക (ക്യാപ്റ്റൻ), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹേഷ് തിക്ഷന, ലഹിരു കുമാര, പ്രമോദ് മധുഷൻ.