രഞ്ജി ട്രോഫിയിൽ കേരളം ഇന്ന് ഛത്തീസ്ഗഡിനെതിരെ. എലീറ്റ് ഗ്രൂപ്പ് സിയിൽ നടക്കുന്ന മത്സരത്തിന് തിരുവനന്തപുരം സെൻ്റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടാണ് വേദിയാവുക. ഗ്രൂപ്പിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഛത്തീസ്ഗഡ് 13 പോയിൻ്റുമായി ഒന്നാം സ്ഥാനത്താണ്. ഒരു ജയവും ഒരു സമനിലയുമുള്ള കേരളം 10 പോയിൻ്റുമായി ഗ്രൂപ്പിൽ മൂന്നാമതുണ്ട്.
തകർപ്പൻ ഫോമിലുള്ള രോഹൻ കുന്നുമ്മൽ ഇല്ലാതെയാണ് കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെ കേരളം ഇറങ്ങിയത്. രോഹൻ കളിക്കാതിരുന്നതിനു കാരണമെന്തെന്ന് വ്യക്തമല്ല. മത്സരത്തിൽ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിലിറങ്ങിയ കേരളം പോസിറ്റീവ് ക്രിക്കറ്റ് കാഴ്ചവച്ച് വിജയത്തിനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആദ്യ കളിയിൽ അഗ്രസീവായ ഡിക്ലറേഷനും ജയവും കേരളത്തിൻ്റെ കേളീശൈലിയ്ക്ക് അഭിനന്ദനനങ്ങൾ നേടിക്കൊടുത്തിരുന്നു. സഞ്ജുവിനു കീഴിൽ ആ ശൈലി തുടരാനാണ് സാധ്യത.
കൗമാര താരം ഷോൺ റോജറിൻ്റെ ഫോമാണ് കേരളത്തിൻ്റെ തലവേദന. ഒപ്പം പേസ് ബൗളിംഗ് വിഭാഗവും. അസാധ്യ കഴിവുള്ള താരമാണ് ഷോൺ. ഏജ് ഗ്രൂപ്പ് ക്രിക്കറ്റിലും ഇന്ത്യ അണ്ടർ 19 ടീമിനു വേണ്ടിയുമൊക്കെ ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയ താരം പക്ഷേ, രഞ്ജിയിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുത്തില്ല. ഷോണിനു പകരം വത്സൽ ഗോവിന്ദിനെയോ കൃഷ്ണ പ്രസാദിനെയോ പരിഗണിച്ചാൽ അതിശയിക്കാനില്ല.
ബേസിൽ തമ്പി, കെഎം ആസിഫ്, എൻപി ബേസിൽ തുടങ്ങിയവരടങ്ങിയ പേസ് ബൗളിംഗ് യൂണിറ്റ് കടലാസിൽ കരുത്തരാണെങ്കിലും കളത്തിൽ അത് കാണുന്നില്ല. ഇവരല്ലാതെ മറ്റൊരു ബാക്കപ്പ് പേസർ നമുക്കില്ലെന്നതാണ് ഏറെ നിരാശാജനകം. ജയിച്ചാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്കുള്ള സാധ്യതയുള്ളൂ എന്നതിനാൽ ജയം തന്നെയാവും കേരളത്തിൻ്റെ ലക്ഷ്യം.