ഐസിഐസിഐ വായ്‌പാ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് പ്രൊമോട്ടർ വേണുഗോപാൽ ദൂത് അറസ്റ്റിൽ

0
61

ഐസിഐസിഐ വായ്‌പാ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് പ്രൊമോട്ടർ വേണുഗോപാൽ ദൂതിനെ സിബിഐ അറസ്‌റ്റ് ചെയ്‌തു. നേരത്തെ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാറിനെയും ഭർത്താവിനെയും ഇതേ കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌തിരുന്നു. ചന്ദാ കൊച്ചാറിന്റെയും ഭർത്താവ് ദീപക് കൊച്ചാറിന്റെയും സഹായത്തോടെ ഐസിഐസിഐ ബാങ്കിനെ കബളിപ്പിച്ചതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നേരിടുകയായിരുന്നു ദൂത്.

നേരത്തെ ചന്ദാ കൊച്ചാറിനെയും ഭർത്താവിനെയും ഡിസംബർ 26 വരെ സിബിഐ കസ്‌റ്റഡിയിൽ വിട്ടിരുന്നു. വീഡിയോകോൺ ഗ്രൂപ്പ് കമ്പനികൾക്ക് അനുവദിച്ച വായ്‌പയിൽ ക്രമക്കേട് ആരോപിച്ചാണ് കേസ്. വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് 3250 കോടി രൂപയുടെ വായ്‌പ അനുവദിച്ചതിൽ ബാങ്കിംഗ് റെഗുലേഷൻ ആക്‌ടും, ആർബിഐ മാർഗനിർദേശങ്ങളും, ബാങ്കിന്റെ വായ്‌പാ നയവും ലംഘിച്ചാണെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം.

2019ൽ സിബിഐ ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള ഐപിസി വകുപ്പുകൾ പ്രകാരം രജിസ്‌റ്റർ ചെയ്‌ത പ്രഥമ വിവര റിപ്പോർട്ടിൽ ദീപക് കൊച്ചാർ നിയന്ത്രിക്കുന്ന ന്യൂപവർ റിന്യൂവബിൾസ് (എൻആർഎൽ) കമ്പനിക്കൊപ്പം, വീഡിയോകോൺ ലിമിറ്റഡ്, സുപ്രീം എനർജി എന്നീ കമ്പനികളെയും പ്രതി ചേർത്തിരുന്നു.

2009ൽ ചന്ദാ കൊച്ചാറിന്റെ നേതൃത്വത്തിലുള്ള ഐസിഐസിഐ ബാങ്കിന്റെ സാങ്ഷനിംഗ് കമ്മിറ്റി ബാങ്കിന്റെ നിയമങ്ങൾക്കും, നയങ്ങൾക്കും വിരുദ്ധമായി വീഡിയോകോണിന് 300 കോടി രൂപ ടേം ലോൺ അനുവദിച്ചതായി സിബിഐ പറയുന്നു.

അടുത്ത ദിവസം തന്നെ ദൂത് തന്റെ കമ്പനിയായ സുപ്രീം എനർജി പ്രൈവറ്റ് ലിമിറ്റഡ് (SEPL) വഴി വീഡിയോകോണിൽ നിന്ന് ന്യൂപവർ റിന്യൂവബിൾസിലേക്ക് 64 കോടി രൂപ കൈമാറിയിരുന്നു. പ്രതികളുമായുള്ള ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി ചന്ദ കൊച്ചാർ വീഡിയോകോൺ ഗ്രൂപ്പിന് വിവിധ വായ്‌പകൾ അനുവദിച്ചതായും സിബിഐ അവകാശപ്പെട്ടു.