കോയമ്പത്തൂർ സ്‌ഫോടനം; പ്രതികളെ തെളിവെടുപ്പിനെത്തിച്ച് എൻഐഎ

0
85

കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ നാല് പ്രതികളെ ഡിസംബർ 25 ഞായറാഴ്‌ച അന്വേഷണത്തിനായി സംഭവം നടന്ന സ്ഥലത്തെത്തിച്ചു. ഒക്ടോബർ 23ന് ദീപാവലിക്ക് കേവലം ഒരു ദിവസം മുമ്പ് നടന്ന സ്‌ഫോടനത്തെക്കുറിച്ച് എൻഐഎ അന്വേഷണം നടത്തിവരികയാണ്. കേസിൽ ഇതുവരെ ഒമ്പത് പ്രതികളെയാണ് എൻഐഎ അറസ്‌റ്റ് ചെയ്‌തത്‌.

ഇവരിൽ മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്‌മയിൽ, അഫ്‌സർ, നവാസ് എന്നീ നാല് പ്രതികളെയാണ് സ്‌ഫോടനം നടന്ന കോയമ്പത്തൂർ ഉക്കടത്തെ കോട്ടമേട് മേഖലയിലേക്ക് കൊണ്ടുപോയത്. തുടർന്ന് സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളിൽ നിന്ന് അവിടെ വച്ച് കൂടുതൽ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. സ്ഥലത്ത് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലിൽ സായുധ പോലീസ്‌ സംഘവും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

ഒക്ടോബർ 23ന് പുലർച്ചെ 4.30ന് കോയമ്പത്തൂരിൽ മാരുതി 800 കാറിനുള്ളിലെ എൽപിജി സിലിണ്ടറടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. അപകടമാണെന്നാണ് ആദ്യം കരുതിയത്. യുഎപിഎ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഐഎസ് ഭീകരസംഘടനയോട് കൂറ് പുലർത്തി ഒരു പ്രത്യേക മതവിശ്വാസത്തിന്റെ ചിഹ്നങ്ങൾക്കും സ്‌മാരകങ്ങൾക്കും വ്യാപകമായ നാശനഷ്‌ടം വരുത്തുകയും, ഭീകരത സൃഷ്‌ടിക്കുകയും ലക്ഷ്യമിട്ട് ചാവേർ ആക്രമണം നടത്താൻ പ്രതി ജമേഷ മുബീൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ മുഖ്യ പ്രതിയായ ജമേഷ മുബീൻ കൊല്ലപ്പെട്ടിരുന്നു.

പ്രതികൾ കൊല്ലപ്പെട്ട ജമേഷ മുബീനുമായി ഗൂഢാലോചന നടത്തിയെന്നും, ഭീകരപ്രവർത്തനങ്ങൾക്കായി ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വാഹനത്തിൽ ഘടിപ്പിക്കുന്ന ഐഇഡി ഉൾപ്പെടെയുള്ള സ്‌ഫോടക വസ്‌തുക്കൾ നിർമ്മിക്കുന്നതിനുള്ള വിവിധ രാസ വസ്‌തുക്കളും മറ്റ് ചേരുവകളും വാങ്ങുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.