‘നൻപകൽ നേരത്ത് മയക്കം’ ഒരു ‘ക്ലീൻ യു’ ചിത്രമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

0
94

‘നൻപകൽ നേരത്ത് മയക്കം’ ഒരു ‘ക്ലീൻ യു’ ചിത്രമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സർക്കാർ സാക്ഷിപത്രം പങ്കുവച്ചുകൊണ്ടാണ് ലിജോ ചിത്രത്തിന്റെ സർട്ടിഫിക്കേഷനെപ്പറ്റി പങ്കുവച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി, കന്യാകുമാരി എന്നിവടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ചിത്രം ഇരുപത്തിയേഴാമത്‌ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ല് എന്നും ലിജോയുടെ മികച്ച മറ്റൊരു സിനിമയെന്നും പ്രേക്ഷര്‍ ഒന്നടങ്കം പറയുന്നു. കൈയടിയോടെയാണ് സിനിമാ പ്രേമികൾ ചിത്രത്തെ വരവേറ്റത്.

ഒരു നാടകവണ്ടിയുടെ വാൻ ബുക്ക് ചെയ്ത് വേളാങ്കണ്ണിയിൽ നിന്ന് തിരിക്കുന്നൊരു സംഘത്തിലെ ജെയിംസ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ യാത്ര. എല്ലാവരും വാനിൽ കയറി അവസാനമാണ് ജെയിംസിന്റെയും (മമ്മൂട്ടി) സാലിയുടെയും മകന്റെയും കടന്നുവരവ്. യാത്രയുടെ ആയാസം തീർക്കാനായി നാടൻ പാട്ട് പാടി കൊഴുപ്പിക്കുന്നുണ്ടെങ്കിലും ജെയിംസിനെ അത് അസ്വസ്ഥനാക്കുന്നു. ഇടയ്ക്ക് തമിഴ് പാട്ട് കേൾക്കുമ്പോൾ പഴയ നല്ല മലയാളം പാട്ടുകൾ ഇല്ലേ എന്ന് അയാൾ ഡ്രൈവറോട് ചോദിക്കുന്നു. തമിഴിനോട് ഇഷ്ടമില്ലാത്ത തരത്തിലാണ് അയാളുടെ പെരുമാറ്റം. തമിഴ് ഭക്ഷണം ഇഷ്ടമല്ല എന്നും അയാൾ പറയുന്നുണ്ട്.

എന്നിട്ടും യാത്രയ്ക്കിടയിൽ വിജനമായ ഒരിടത്തു വാഹനം നിർത്തുമ്പോൾ അയാൾ മാത്രം ഇറങ്ങിപ്പോകുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചുവരാത്ത അയാളെ തേടി ഭാര്യയും സംഘവും ഇറങ്ങുന്നു. കഥയിൽ വഴിത്തിരിവ്  ഉണ്ടാകുന്നത് അവിടെ നിന്നാണ്. അവിടെയാണ് സുന്ദരം എന്ന വ്യക്തിയുടെ ജനനം.

രണ്ടുവർഷം മുൻപ് തമിഴ്‌നാട്ടിലെ വീട്ടിൽ നിന്നും ചന്തയ്ക്ക് പോയ സുന്ദരം എന്ന മനുഷ്യൻ പുനരവതരിക്കുന്നത് മറ്റൊരാളുടെ രൂപത്തിലാണ്. സംസാരവും പ്രവൃത്തിയും വസ്ത്രധാരണവുമൊക്കെ സുന്ദരത്തെപ്പോലെ തന്നെ. സുന്ദരത്തെ കാണാതായതുമുതൽ അച്ഛനും അമ്മയും ഭാര്യയും മകളും അടങ്ങുന്ന കുടുംബം കാത്തിരിക്കുകയാണ്.. എന്നാൽ മറ്റൊരാളുടെ രൂപത്തിൽ തിരിച്ചുവന്ന സുന്ദരത്തെ അംഗീകരിക്കണോ വേണ്ടയോ എന്ന പ്രതിസന്ധിയിലാണ് ഭാര്യ പൂങ്കുഴലീ. വീട്ടിലെ മറ്റാരും അയാളെ അംഗീകരിക്കുന്നില്ല. ഗ്രാമവും അയാളെ അംഗീകരിക്കുന്നില്ല. എന്നാൽ ജയിംസിന്റെ രൂപം സുന്ദരം എങ്ങനെയാണോ പെരുമാറിയത് അതേ രീതിയിൽ മറ്റൊരു ജീവിതം ജീവിക്കുകയാണ്. അതുകണ്ടുനിൽക്കാൻ മാത്രമേ അയാളുടെ യഥാർഥ ജീവിതത്തിലെ ഭാര്യയ്ക്കും മകനും സാധിക്കുന്നുള്ളൂ.

മനസിന്റെ വിചിത്രമായ വഴികളിലൂടെയാണ് എസ്. ഹരീഷിൻറെ തിരക്കഥ സഞ്ചരിക്കുന്നത്. ഇന്ത്യയിലെ ചിത്രത്തിന്റെ ആദ്യ ഷോയാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ നിറഞ്ഞ സദസ്സിൽ നടന്നത്.

റിസർവേഷൻ ചെയ്തവർക്ക് പോലും സിനിമ കാണാൻ സാധിക്കാത്ത രീതിയിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. ഇതോടെ പ്രദർശന വേദിയായ ടാഗോർ തിയേറ്ററിൽ സംഘർഷമുണ്ടായി. ഡെലിഗേറ്റുകളിൽ ചിലർ തിയേറ്ററിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പോലീസും ഡെലിഗേറ്റുകളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ തിങ്കളാഴ്ച വൈകുന്നേരം 3:30-നായിരുന്നു നൻപകൽ ‘നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നത്.