18.50 കോടി; മുംബൈയുടെ വെല്ലുവിളി അതിജീവിച്ച് സാം കറനെ ചാക്കിലാക്കി പഞ്ചാബ് കിംഗ്‌സ്

0
53

ഐപിഎല്‍ മിനി താരലേലത്തില്‍ വിസ്‌മയിപ്പിച്ച് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍. ട്വന്‍റി 20 ലോകകപ്പില്‍ മിന്നും ഫോമിലായിരുന്ന കറനെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സുമായി അവസാന നിമിഷങ്ങളില്‍ പോരടിച്ചാണ് താരത്തെ പഞ്ചാബ് റാഞ്ചിയത്.

സാം കറനായി രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ തുടക്കത്തില്‍ ലേലത്തില്‍ സജീവമായിരുന്നു. പിന്നാലെ പഞ്ചാബ് കിംഗ്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും എത്തിയതോടെ ലേലം കടുത്തു. 16.25 കോടി രൂപയുമായി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും എത്തിയതോടെ ലേലം പാരമ്യതയിലെത്തി. ഇതിന് ശേഷം 17.25 കോടി രൂപയുമായി മുംബൈ ലേലത്തിലേക്ക് അതിശക്തമായി തിരിച്ചുവന്നു. പഞ്ചാബ് വിട്ടുകൊടുത്തില്ല. ഒടുവില്‍ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് സാമിനെ സ്വന്തമാക്കുകയായിരുന്നു.

മായങ്കിന് മോഹ വില

ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മായങ്ക് അഗര്‍വാളിനെ 8.25 കോടി രൂപ മുടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത് ശ്രദ്ധേയമായി. അവസാന നിമിഷം വരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള കടുത്ത പോരാട്ടം മറികടന്നാണ് മായങ്കിനെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. നേരത്തെ മായങ്കിന്‍റെ മുന്‍ ടീമായ പഞ്ചാബ് കിംഗ്‌സും താരത്തിനായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ 16.33 ശരാശരിയിലും 122.50 സ്ട്രൈക്ക് റേറ്റിലും 196 റണ്‍സ് മാത്രമാണ് മായങ്ക് സ്വന്തമാക്കിയത്.