കൊച്ചി പുതിയ കാഴ്ചകൾ കാണാൻ പോകുകയാണ്. കൊച്ചിക്കായലിൻ്റെ ഓളപ്പരപ്പിലൂടെ ഇനിമുതൽ ലോകനിലവാരമുള്ള ബോട്ടുകളോടും. മാത്രമല്ല മെട്രോ റെയിൽവേ സ്റ്റേഷന് സമാനമായ ജെട്ടികളിലാകും ബോട്ടുകൾ അടുക്കുന്നത്. അവിടെയാണ് യാത്രക്കാർക്ക് കാത്തിരിക്കുവാനുള്ളത്. ഒരുപക്ഷേ ഇന്ത്യയിലൊരിടത്തും ഇത്തരത്തിലൊരു കാഴ്ചകാണാനാകില്ല. പറഞ്ഞുവരുന്നത് കൊച്ചി വാട്ടർ മെട്രോയെക്കുറിച്ചാണ്.
ഒരുപക്ഷേ വാട്ടർ മെട്രോ ടെർമിനൽ കണ്ടാൽ ചിലപ്പോൾ കഴ്ചക്കാർക്ക് അതൊരു എയർപോർട്ട് ടെർമിനലായി തോന്നിയേക്കാം. ബോട്ടുകൾ ഹൈബ്രിഡാണ്. ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ഓടുന്നവയാണ് ഈ ബോട്ടുകൾ. മാത്രമല്ല ബോട്ടിനകം എസിയാണ്. യാത്രക്കാർക്കായി ബോട്ടിൻ്റെ വാതിലുകൾ തനിയെ തുറക്കും. എൻജിന് ശബ്ദമില്ല. ഇരട്ട ഹള്ളായതിനാൽ ഓളത്തിൽ ഉലയില്ലെന്ന പ്രത്യേകതയുമുണ്ട്. ബമാട്ടിനു ചുറ്റം ചില്ല് ജനലുകൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ കായൽ ഭംഗി ആവോളം ആസ്വദിച്ച് യാത്രചെയ്യാമെന്നുള്ളതും മെച്ചം. ഏകദേശം എട്ടുകോടിയോളം രൂപ ചിലവിട്ടാണ് ബോട്ട് വെള്ളത്തിലിറങ്ങുന്നത്.
യാത്രയ്ക്കുമുണ്ട് പ്രത്യേകത. ക്യൂ ആർ കോഡുള്ള ടിക്കറ്റോ കൊച്ചി വൺ കാർഡോ ഉപയോഗിച്ചാൽ മാത്രമേ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. മെട്രോയ്ക്കും വാട്ടർമെട്രോയ്ക്കും ഒരുമിച്ച് ടിക്കറ്റെടുക്കാമെന്ന പ്രത്യേകതയുമുണ്ട്. ബോട്ടിനുള്ളിൽ നൂറ് പേരായാൽ പിന്നെ ബോട്ടിനകത്തേക്ക് കയറാനുള്ള എൻട്രി പോയിൻ്റ് തുറക്കില്ല. ഫ്ളോട്ടിംഗ് ജെട്ടിയുടെയും ബോട്ടിന്റെയും കവാടവും ഒരേ നിരപ്പിലാണ് സ്ഥിതി ചെയ്യുന്നത്. അതായത് യാത്രക്കാർക്ക് ചാടിക്കയറുകയും ചാടിയിറങ്ങുകയും വേണ്ട. കുഞ്ഞുങ്ങൾക്കുൾപ്പെടെ 110 ലൈഫ് ജാക്കറ്റുകൾ ബോട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്.
വാട്ടർമെട്രോയ്ക്ക് ഉപയോഗിക്കുന്ന ബോട്ട് ഇന്ത്യയിൽ ആദ്യമായാണ് എത്തുന്നത്. കൊച്ചി കപ്പൽശാലയാണ് ഇന്ത്യയിലെ ആദ്യ അലുമിനിയം യാത്രാ ബോട്ടുകൾ നിർമ്മിച്ചത്. ഏഴിമല, വിഴിഞ്ഞം, ബേക്കൽ, ബേപ്പൂർ, മുസിരിസ് എന്നിങ്ങനെയാണ് ബോട്ടുകളുടെ പേരുകൾ. ഈ ബോട്ടുകൾ ഓരോ മണിക്കൂറിലും ചാർജ് ചെയ്യണം. 10-15 മിനിറ്റ് കൊണ്ട് ബോട്ടുകൾ ചാർജ്ജാകും. ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പർചാർജിംഗ് സ്റ്റേഷനുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. പത്ത് ടെർമിനലുകളിലും ചാർജ്ജിംഗ് പോയിൻ്റുകളുണ്ടാകും. 50 സീറ്റുകളാണ് ബോട്ടിനുള്ളിലുള്ളത്. അതേസമയം 100 പേർക്ക് ബോട്ടിൽ സഞ്ചരിക്കാം. ഓരോ ബോട്ടിലും മൂന്ന് ജീവനക്കാർ വീതമുണ്ടാകും. 7.6 കോടിയാണ് ഒരു ബോട്ടിൻ്റെ വില. വാട്ടർമെട്രോ പൂർണതോതിലാകുമ്പോൾ 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളുമുണ്ടാകും.
ബോട്ടിൻ്റെ യാത്രാ റൂട്ട് അൽപ്പം മാറിയാൽ അപ്പോൾത്തന്നെ സന്ദേശമെത്തും. വെെറ്റിലയിലാണ് ബോട്ടുകളുടെ കൺട്രോൾ റൂമുകൾ സ്ഥിതിചെയ്യുന്നത്. ബോട്ടുകളിൽ തെർമൽ കാമറ, എക്കോ സൗണ്ടർ തുടങ്ങിയ സംവിധാനങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. പ്രസ്തുത പദ്ധതി 2019 ഡിസംബറിൽ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ കോവിഡ് വഴിമുടക്കുകയായിരുന്നു. 743 കോടി രൂപ മുടക്കിയാണ് പദ്ധതി പൂർത്തിയാകുന്നത്. 76 കിലോമീറ്റർ നീളുന്ന 15 റൂട്ടുകളും 10 ദ്വീപുകളിലുൾപ്പെടെ 38 ടെർമിനലുകളുമുണ്ട്. ഇതിൽ അഞ്ചെണ്ണം പൂർത്തിയായി. നാലെണ്ണം അന്തിമഘട്ടത്തിലാണ്.
കൊച്ചി വാട്ടർമെട്രോ ഉദ്ഘാടനത്തിന് തയ്യാറായിട്ട് മാസങ്ങളായി. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ ഡേറ്റ് സംബന്ധിച്ച് തീരുമാനമാകാത്തതിനാലാണ് ഉദ്ഘാടനം നീണ്ടുപോകുന്നത്. ബോട്ടുകളും അഞ്ച് ടെർമിനലുകളും ജീവനക്കാരും ട്രയലുകൾ കഴിഞ്ഞ് ഉദ്ഘാടനത്തിന് റെഡിയായി നിൽക്കുകയാണ്. ഉദ്ഘടാനം ഉടനുണ്ടാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.