ചൈനീസ് സര്‍ക്കാരിന്റെ സീറോ കൊവിഡ് നയവും ലോക്ക്ഡൗണ്‍ വ്യവസ്ഥകളും പിന്‍വലിച്ചാല്‍ ചൈനയില്‍ 1.3 മില്യണ്‍ മുതല്‍ 2.1 മില്യണ്‍ ആളുകള്‍ക്ക് വരെ ജീവന്‍ നഷ്ടമായേക്കാമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കുകളും ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനുള്ള ആളുകളുടെ വിമുഖതയും ഉള്‍പ്പെടെ വിനയായെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ജനങ്ങളുടെ രോഗപ്രതിരോധശേഷി കുറവാണെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്റലിജന്‍സ് ആന്‍ഡ് അനലിറ്റിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈന നിര്‍മിച്ച സിനോവാകും സിനോഫോമും വളരെ മോശം വാക്‌സിനുകളാണെന്നും റിപ്പോര്‍ട്ട് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജനങ്ങളെ കൊവിഡ് മൂലമുള്ള മരണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ വാക്‌സിനുകള്‍ക്കുള്ള ശേഷി പരിമിതമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ചൈനീസ് ജനത ആര്‍ജിച്ച കൊവിഡിനെതിരായ പ്രതിരോധശേഷി താരതമ്യേനെ ദുര്‍ബലമാണെന്നാണ് പഠനം പറയുന്നത്.
ചൈനീസ് ജനസംഖ്യയില്‍ നല്ലൊരു ശതമാനം കൊവിഡ് വളരെ വേഗം ബാധിക്കാന്‍ സാധ്യതയുള്ളവരാണ്. ജനങ്ങള്‍ക്ക് രോഗപ്രതിരോധശേഷി കുറവായതിനാല്‍ തന്നെ ചൈനയില്‍ കൊവിഡ് തരംഗം ദീര്‍ഘകാലം നീണ്ടുനില്‍ക്കാന്‍ സാധ്യത കൂടുതലാണെന്ന് പഠനം വിലയിരുത്തുന്നു. കൊവിഡിന്റെ മറ്റൊരു തരംഗം ചൈനയില്‍ ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. സീറോ കൊവിഡ് നയങ്ങള്‍ പിന്‍വലിച്ചാല്‍ രാജ്യത്തെ 167 മുതല്‍ 279 മില്യണ്‍ ആളുകള്‍ വരെ രോഗബാധിതരായേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.