ഡൽഹിയിൽ നടക്കുന്നത്‌ ഗ്രൂപ്പ്‌ വീതംവെപ്പെന്ന്‌ മുരളീധരൻ; മത്സരിക്കാനില്ലെന്ന്‌ മുല്ലപ്പള്ളി

0
92

ഡൽഹിയിൽ സ്‌ഥാനാർഥി നിർണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റിയിൽ നടക്കുന്നത്‌ എ ‐ ഐ ഗ്രൂപ്പ്‌ വീതം വെപ്പാണെന്ന്‌ കെ മുരളീധരൻ എം പി. കമ്മിറ്റിയിൽ എം പി മാരുടെ വാക്കുകൾക്ക്‌ യാതൊരു വിലയുമില്ല. ഗ്രൂപ്പ്‌ താൽപര്യമാണ്‌ നോക്കുന്നത്‌. അതിനാൽ സ്‌ക്രീനിങ് കമ്മിറ്റിയിൽ പങ്കെടുത്തില്ലെന്നും മുരളീധരൻ പറഞ്ഞു. ഇന്നലെ നടന്ന എം പി മാരുമായുള്ള കൂടിക്കാഴ്‌ചയിലും അനുകൂലമായ പ്രതികരണം ഉണ്ടായില്ലെന്നും മുരളീധരൻ പറഞ്ഞു.

ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും സ്വന്തം ഗ്രൂപ്പുകാർക്കായി വിലപേശുകയാണെന്നാണ്‌ പുറത്തുവരുന്ന സൂചനകൾ . അണികളുടെ എതിർപ്പ്‌ മറികടന്ന്‌ കെ ബാബുവിനും കെസി ജോസഫിനും വേണ്ടി ഉമ്മൻചാണ്ടി സമ്മർദ്ദം ചെലുത്തുന്നുണ്ട്‌.

അതേസമയം തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന്‌ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്‌തമാക്കി. ഹൈക്കമാൻഡ്‌ ആവശ്യപ്പെട്ടാൽ മത്സരിക്കുമോയെന്ന ചോദ്യത്തിന്‌ ഹൈക്കമാൻഡുമായി ആലോചിച്ചാണ്‌ തീരുമാനമെടുത്തതെന്ന്‌ മുല്ലപ്പള്ളി പറഞ്ഞു.സ്‌ഥാനാർഥി നിർണയം അന്തിമ ഘട്ടത്തിലാണെന്നും നാളെയോടെ തീരുമാനമാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എന്നാൽ മുല്ലപ്പള്ളി മത്സരിക്കുകയാണെങ്കിൽ കെ സുധാകരനെ കെപിസിസി അധ്യക്ഷൻ ആക്കേണ്ടിവരുന്നത്‌ ഒഴിവാക്കാനാണ്‌ മത്സരിപ്പിക്കാത്തതെന്ന്‌ പറയുന്നു. കെ സുധാകരൻ കെപിസിസി അധ്യക്ഷൻ ആക്കുന്നത്‌ കെ സി വേണുഗോപാൽ അടുക്കമുള്ളവർ യോഗത്തിൽ എതിർത്തതായാണ്‌ സൂചന.

ഇന്ന്‌ ചേർന്ന സ്‌ക്രീനിങ് കമ്മിറ്റിയോഗത്തിലും സ്‌ഥാനാർഥി നിർണയം കഴിഞ്ഞിട്ടില്ല. ഘടകകക്ഷികളുമായുള്ള സീറ്റ്‌ ചർച്ചപോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ജംബോ ലിസ്‌റ്റുമായാണ്‌ നേതാക്കൾ ഡൽഹിയിലെത്തിയിട്ടുള്ളത്‌. യുവാക്കൾക്ക്‌ നൽകുമെന്ന്‌ പറഞ്ഞ സീറ്റുകളിലും പഴയമുഖങ്ങൾ സീറ്റ്‌ ഉറപ്പിക്കുകയാണെന്ന്‌ പറയുന്നു.