കിളി പാറിയ കളി: നെതർലൻഡ്സിനെ തകർത്ത് അർജന്റീന സെമിയിൽ

0
73

ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ നെതർലൻഡ്സിനെ തകർത്ത് അർജന്റീന സെമി ഫൈനലിൽ. ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു അർജന്റീനയുടെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്കും പിന്നീട് പെനാൾട്ടിയിലേയ്ക്കും നീളുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അർജന്റീന നയം വ്യക്തമാക്കിയിരുന്നു. 35-ാം മിനിറ്റിൽ ലയണൽ മെസിയുടെ അസ്സിസ്റ്റ് മുതലാക്കിയ മോളിന നെതർലാൻഡ്സിൻ്റെ വലകുലുക്കി. ആദ്യ പകുതിയിൽ അർജന്റീനക്ക് ലീഡ്.

രണ്ടാം പകുതിയിലും അർജന്റീന ഉണർന്നു കളിച്ചു. നിരന്തരം നെതർലാൻഡ്സ് ഗോൾ മുഖത്ത് അർജന്റീന ഗോൾ കണ്ടെത്താൻ ശ്രമം നടത്തിക്കൊണ്ടേയിരുന്നു. അവസാനം 73-ാം മിനിറ്റിൽ പോസ്റ്റിനുള്ളിൽ അർജന്റീന താരത്തെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി മെസി അനായാസം വലയിലാക്കി. 2 ഗോളുകളുടെ ലീഡുമായി കളി തുടർന്ന അർജന്റീനയെ ഞെട്ടിച്ച് 83-ാം മിനിറ്റിൽ വെഗ്‌ഹോസ്റ്റിന്റെ മറുപടി ഗോൾ എത്തി. ഇതോടെ മത്സരം ആവേശകരമായി.

സമനില ഗോളിനായി നേതർലൻഡ്സ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉറച്ചു നിന്ന അർജന്റീനയുടെ പ്രതിരോധനിരയെ മറികടക്കാൻ നെതർലൻഡ്സിനായില്ല. അധിക സമയത്ത് പെനാൽറ്റി ബോക്‌സിന് പുറത്ത് ലഭിച്ച ഫ്രീ കിക്ക് വലയിലാക്കി നെതർലൻഡ്സ് മത്സരത്തിലേയ്ക്ക് ശക്തമായി തിരിച്ചുവന്നു. ഇതോടെ മത്സരം അധിക സമയത്തേയ്ക്ക് നീണ്ടു.

അധിക സമയത്തും ഇരുടീമുകളും വിജയ ഗോളിനായി ശ്രമിച്ചുകൊണ്ടേയിരുന്നു. അധിക സമയത്തിന്റെ അവസാന മിനിട്ടുകളിൽ അർജന്റീനയ്ക്കായി എയ്ഞ്ചൽ ഡി മരിയ കളത്തിലിറങ്ങിയതോടെ നെതർലൻഡ്സിൻ്റെ ഗോൾ മുഖത്ത് നിരന്തരം ബോൾ എത്തി. എന്നാൽ വിജയഗോൾ മാത്രം അകന്നു നിന്നതോടെ മത്സരം പെനാൾട്ടിയിലേയ്ക്ക് നീങ്ങുകയായിരുന്നു.

നെതർലൻഡ്സിന് വേണ്ടി ആദ്യ കിക്ക് എടുത്ത വാൻ ഡൈക്കിന് പിഴച്ചു. അർജന്റീനയുടെ ഗോൾ കീപ്പർ വാൻ ഡൈക്കിന്റെ കിക്ക് തട്ടിയകറ്റിയതോടെ മത്സരത്തിൽ അർജന്റീനയ്ക്ക് മേൽക്കൈ. നീലപ്പടയുടെ ആദ്യ കിക്ക് എടുത്ത മെസി പന്ത് അനായാസം വലയിലാക്കി. അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ രണ്ട് തകർപ്പൻ സേവുകളാണ് അർജന്റീനയ്ക്ക് അവസാന നാലിലേയ്ക്ക് വഴിയൊരുക്കിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-3നായിരുന്നു അർജന്റീനയുടെ വിജയം. സെമി ഫൈനലിൽ ക്രൊയേഷ്യയാണ് അർജന്റീനയുടെ എതിരാളികൾ.