Friday
19 December 2025
21.8 C
Kerala
HomeSportsഏഡൻ ഹസാർഡ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു

ഏഡൻ ഹസാർഡ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു

ബെൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാർഡ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 31 വയസ് മാത്രം പ്രായമുള്ള താരം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പരുക്കും ഫോമില്ലായ്‌മയും കൊണ്ട് ബുദ്ധിമുട്ടിയിരുന്നു. ബെൽജിയത്തിൻ്റെ സുവർണ തലമുറയിൽ പെട്ട ഹസാർഡ് സമകാലിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനരായ താരങ്ങളിൽ ഒരാളാണ്. ഖത്തർ ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബെൽജിയം പുറത്തായതിനു പിന്നാലെയാണ് ഹസാർഡിൻ്റെ വിരമിക്കൽ.

നാലാം വയസിൽ നാട്ടിലെ റോയൽ സ്റ്റേഡ് ബ്രൈനോയ് എന്ന അക്കാദമിയിലൂടെ കളി ആരംഭിച്ച ഹസാർഡ് 16ആം വയസിൽ ഫ്രഞ്ച് ക്ലബ് ലിലെയിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. തൊട്ടടുത്ത വർഷം ബെൽജിയം ദേശീയ ടീമിലും ഹസാർഡ് ഇടം നേടി. 2007 മുതൽ 2012 വരെ ലിലെയിൽ തുടർന്ന ഹസാർഡ് 147 മത്സരങ്ങളിൽ കളത്തിലിറങ്ങി. 36 ഗോളുകളും നേടി. 2012ൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയിലെത്തിയ ഹസാർഡ് 2019 വരെ ടീമിൻ്റെ സുപ്രധാന താരമായി തുടർന്നു. ഈ കാലയളവിലാണ് ഹസാർഡ് എന്ന ഫുട്ബോളർ തൻ്റെ പീക്കിലെത്തിയത്.

245 മത്സരങ്ങളിൽ നിന്ന് ഹസാർഡ് 85 ഗോളുകൾ നേടി. 2019ൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലെത്തിയതോടെ ഹസാർഡിൻ്റെ കരിയർ ഇടിയാൻ ആരംഭിച്ചു. പരുക്കുകൾ തുടരെ വേട്ടയാടിയപ്പോൾ ഹസാർഡ് പലപ്പോഴും ബെഞ്ചിലിരുന്നു. പരിശീലകൻ കാർലോ ആഞ്ചലോട്ടിയുമായുള്ള പ്രശ്നങ്ങളും ചില സർജറികളുമൊക്കെ ഹസാർഡിൻ്റെ പ്രകടനത്തെ ബാധിച്ചു. വല്ലപ്പോഴും മാത്രം കളത്തിലിറങ്ങിയ താരം ഇടയ്ക്ക് നിർണായകമായ ചില ഗോളുകൾ നേടിയിരുന്നു. ആകെ റയലിനായി 51 മത്സരങ്ങൾ കളിച്ച ഹസാർഡ് 4 ഗോളുകളാണ് നേടിയത്.

ബെൽജിയത്തിൻ്റെ അണ്ടർ 15 മുതൽ 19 വരെ എല്ലാ ഏജ് ഗ്രൂപ്പിലും കളിച്ച ഹസാർഡ് ദേശീയ ജഴ്സിയിൽ 126 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടി. ലീഗ് വൺ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, യൂറോപ്പ ലീഗ്, ലാ ലിഗ, ചാമ്പ്യൻസ് ലീഗ് തുടങ്ങി നിരവധി കിരീടങ്ങൾ നേടിയിട്ടുള്ള ഹസാർഡ് 2018 ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ബെൽജിയം ടീമിൽ അംഗമായിരുന്നു.

RELATED ARTICLES

Most Popular

Recent Comments