Saturday
20 December 2025
21.8 C
Kerala
HomeKeralaചരിത്രം സൃഷ്ടിച്ച് കേരള നിയമസഭ; നിയമസഭ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍

ചരിത്രം സൃഷ്ടിച്ച് കേരള നിയമസഭ; നിയമസഭ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍

ചരിത്രം സൃഷ്ടിച്ച് കേരള നിയമസഭ. നിയമസഭ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരെ പാനലില്‍ ഉള്‍പ്പെടുത്തി. പ്രതിപക്ഷത്തു നിന്നും കെ കെ രമയും പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍ ഇടംപിടിക്കുന്നത്.

സ്പീക്കര്‍ ഇല്ലാത്ത വേളയില്‍ സഭ നിയന്ത്രിക്കുക ഈ പാനലില്‍ ഉള്‍പ്പെട്ടവരാണ്. സ്പീക്കര്‍ എ എന്‍ ഷംസീര്‍ ആണ് വനിതാ പാനല്‍ എന്ന നിര്‍ദേശം മുന്നോട്ടു വെച്ചത്. സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിതെന്ന പ്രത്യേകതയുമുണ്ട്.

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമായി. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസല‍ർ പദവിയില്‍ നിന്നും നീക്കാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ സഭയില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ – ഗവര്‍ണര്‍ വിഷയം, വിഴിഞ്ഞം സംഘര്‍ഷം എന്നിവയുടെ പശ്ചാത്തലത്തില്‍ ചേരുന്ന സഭാ സമ്മേളനം പ്രക്ഷുബ്ധമാകും.

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. നിയമനിര്‍മാണത്തിന് മാത്രമായി ചേരുന്ന സഭ 9 ദിവസത്തേയ്ക്കാണ് സമ്മേളിക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ സഭയില്‍ അവതരിപ്പിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 8 ബില്ലുകള്‍ സഭ പരിഗണിക്കും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബില്ല് ആദ്യ രണ്ടു ദിവസങ്ങളില്‍ ഇല്ല. കാര്യോപദേശക സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഗവര്‍ണര്‍ വിഷയത്തിലെ ബില്‍ സഭയില്‍ അവതരിപ്പിക്കുക.

അതേസമയം സമകാലീന രാഷ്ട്രീയ സംഭവങ്ങള്‍ സഭയില്‍ ചര്‍ച്ചയാകും. സര്‍ക്കാര്‍ – ഗവര്‍ണര്‍ വിഷയം, വിഴിഞ്ഞം സമരവും സംഘര്‍ഷവും, തിരുവനന്തപുരം നഗരസഭയിലെ വ്യാജ കത്ത് വിവാദം എന്നിവ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം. എന്നാല്‍ ഗവര്‍ണര്‍ വിഷയത്തിലും വിഴിഞ്ഞം വിഷയത്തിലും യുഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് ഭരണപക്ഷ തീരുമാനം. കാരണം ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ബില്ലിനെതിരെ നിലപാട് എടുത്താല്‍ യുഡിഎഫ് തള്ളുന്നത് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സമാന ബില്ലിനെ തന്നെയാകും. കോണ്‍ഗ്രസ് – ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഗവര്‍ണറെ നീക്കിയത് ഭരണപക്ഷം ഉന്നയിക്കും.

വിഴിഞ്ഞം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കുഞ്ഞാണെന്ന് അവകാശപ്പെടുന്നവര്‍ തുറമുഖത്തെ തള്ളി പറയുന്ന സമരസമിതി നിലപാടിനൊപ്പം നില്‍ക്കുമോ എന്നത് നിര്‍ണായകമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വേണോ വേണ്ടയോ എന്നതില്‍ പ്രതിപക്ഷം കൃത്യമായ നിലപാട് സ്വീകരിക്കാനും നിര്‍ബന്ധിതരാകും. മത്സ്യത്തൊഴിലാളികളുടെ ആശങ്ക അകറ്റി തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ശ്രദ്ധ ക്ഷണിക്കല്‍ കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിക്കും. ശശി തരൂര്‍, എല്‍ദോസ് കുന്നപ്പിള്ളി വിഷയവും ഭരണപക്ഷം സഭയില്‍ ആയുധമാക്കും. എ എന്‍ ഷംസീര്‍ സ്പീക്കറായ ശേഷമുള്ള പൂര്‍ണ സഭാ സമ്മേളനം കൂടിയാണിത്.

RELATED ARTICLES

Most Popular

Recent Comments