പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഡോമിനിക് ലാപിയർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. അമേരിക്കൻ എഴുത്തുകാരനായ ലാരി കോളിൻസുമായി ചേർന്ന് രചിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൻ്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ (സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ) ലാപിയറിൻ്റെ ഏറ്റവും പ്രശസ്തമായ കൃതികളിൽ ഒന്നാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെയും ഉൾക്കഥകളും വിഭജനവുമൊക്കെയാണ് കൃതിയിൽ പറയുന്നത്.
ലാരി കോളിൻസിനൊപ്പം ചേർന്ന് എഴുതിയ ‘ഈസ് പാരിസ് ബേണിംഗ്’ എന്ന കൃതിയും ഏറെ പ്രശസ്തമാണ്. കോളിൻസുമായി ചേർന്ന് അഞ്ചോളം പുസ്തകങ്ങൾ ലാപിയർ രചിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ തൻ്റെ ജീവിതം അധികരിച്ച് ലാപിയർ രചിച്ച ‘സിറ്റി ഓഫ് ജോയ്’ എന്ന നോവൽ ഏറെ ജനപ്രീതി നേടിയതാണ്.
1984ലെ ഭോപ്പാൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്പാനിഷ് എഴുത്തുകാരൻ യാവിയർ മോറോയുമായി ചേർന്ന് എഴുതിയ ‘ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപ്പാൽ’ എന്ന കൃതിയും ഡോമിനിക് ലാപിയറുടെ ശ്രദ്ധേയമായ കൃതികളിൽ പെടുന്നു.