മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി ഇറാൻ

0
65

മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി ഇറാൻ. നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് അറ്റോർണി ജനറൽ വിശദീകരിച്ചു. ഇറാനിൽ മഹ്‌സ അമീനി എന്ന യുവതി മതകാര്യ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതിൽ രാജ്യത്ത് മാസങ്ങളായി വ്യാപക പ്രതിഷേധമായിരുന്നു. അമീനിയുടെ മരണത്തിന് പിന്നാലെ അരങ്ങേറിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് മതപൊലീസ് സംവിധാനമായ ഗഷ്ത് -ഇ -ഇർഷാദ് നിർത്തലാക്കുന്നത്. ഇരുനൂറിലധികം പേർ പ്രക്ഷോഭത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇറാനിൽ ഇസ്ലാമിക നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ചുമതലപ്പെടുത്തിയ മത പൊലീസാണ് ഗഷ്ത്-ഇ ഇർഷാദ്. തിരക്ക് നിറഞ്ഞ തെരുവുകൾ, ഷോപ്പിംഗ് മാളുകൾ, റെയിൽവേ സ്റ്റേഷനുകളിൽ എന്നിവിടങ്ങളിൽ നിലയുറപ്പിക്കുന്ന ഇവർ മതച്ചട്ട പ്രകാരം ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പരസ്യമായി മുഖത്തടിച്ചും, ലാത്തികൊണ്ട് മർദിച്ചും, പൊലീസ് വാനിലേക്ക് വലിച്ചിഴച്ച് ജയിലിലടയ്ക്കും. പത്ത് ദിവസം മുതൽ രണ്ട് മാസം വരെയാണ് ഇറാനിൽ ഹിജാബ് ധരിച്ചില്ലെങ്കിലുള്ള തടവ് ശിക്ഷ. 50,000 മുതൽ അഞ്ച് ലക്ഷം വരെ ഇറാനിയൻ റിയാലും പിഴയായി നൽകേണ്ടി വരും. 74 ചാട്ടയടി വേറെയും.

മഹ്സ അമിനി മരണപ്പെടുന്ന 2022 സെപ്റ്റംബർ16 മുതലുള്ള രണ്ട് മാസക്കാലത്തിനിടെ, 19 നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങളിലായി ഗഷ്ത്-ഇ ഇർഷാദ്, വെടിവച്ചും തല്ലിച്ചതച്ചും കൊലപ്പെടുത്തിയത് 233 സാധാരണക്കാരെയാണ്. ഇതിൽ 18 വയസിൽ താഴെയുള്ള 32 കുട്ടികളും ഉൾപ്പെടും. 14,000 ത്തോളം വരുന്ന ഇറാനികൾ, ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയെന്ന ഒറ്റക്കാരണത്താൽ ഇന്ന് വെളിച്ചം പോലും കടക്കാത്ത ഇരുട്ടറകളിലാണ്.