നമീബിയയില്‍ നിന്ന് 8 ചീറ്റകള്‍ മധ്യപ്രദേശിലെ ഷിയോപൂരിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തി മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍, ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെക്കൂടി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പ്രൊജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ചീറ്റകള്‍ക്കായി ഇന്ത്യയുമായുള്ള ധാരണാപത്രത്തിന് ദക്ഷിണാഫ്രിക്കയിലെ വനം-പരിസ്ഥിതി മന്ത്രി ബാര്‍ബറ ക്രീസി അംഗീകാരം നല്‍കി. പത്രികകള്‍ ഇപ്പോള്‍ പ്രസിഡന്റ് സിറില്‍ റമഫോസയുടെ പക്കലുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതി ഭവനില്‍ നിന്ന് അനുമതി ലഭിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ചീറ്റകളെ നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും ഒരുമിച്ചു ഇന്ത്യയിലേക്ക് എത്തിക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആദ്യത്തെ ആലോചന. ചീറ്റകളെ തിരഞ്ഞെടുക്കുന്നത് മുതല്‍ അവയെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നമീബിയയിലും ദക്ഷിണാഫ്രിക്കയിലും ഒരേ സമയം പൂര്‍ത്തിയാക്കിയെങ്കിലും ദക്ഷിണാഫ്രിക്കയില്‍ നിന്ന് ചീറ്റകളെ കൊണ്ടുവരുന്നതിനുള്ള ധാരണാപത്രം ഒപ്പിടാനായില്ല. അതിനിടെ, നമീബിയയില്‍ നിന്ന് വന്ന 8 ചീറ്റകള്‍ ഇന്ത്യയിലേക്ക് എത്തുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള തിരഞ്ഞെടുത്ത 12 ചീറ്റകള്‍ ക്വാറന്റൈന്‍ എന്‍ക്ലോസറുകളില്‍ അടച്ചിട്ടിരിക്കുകയാണ്. മൂന്നര മാസത്തോളമായി ക്വാറന്റൈന്‍ എന്‍ക്ലോസറുകളില്‍ നിരീക്ഷണത്തിലാണ് ചീറ്റകള്‍.
നമീബിയയില്‍ നിന്ന് കുനോ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്ന 8 ചീറ്റകളും വലിയ ചുറ്റുപാടുകളിലേക്ക് മാറി. സാഹചര്യങ്ങളോടും വേട്ടയാടുന്നതിനോടും അവ നന്നായി പൊരുത്തപ്പെട്ടു. ഇതോടെയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് വീണ്ടും ചീറ്റയെ കൊണ്ടുവരാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയത്.
നമീബിയന്‍ ചീറ്റകളുടെ അതിജീവനം കണ്ടതിന് ശേഷം ദക്ഷിണാഫ്രിക്കയുടെ മനോഭാവവും പോസിറ്റീവ് ആയി മാറി. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ വനം പരിസ്ഥിതി മന്ത്രി ബാര്‍ബറ ക്രീസി പദ്ധതി ചീറ്റയ്ക്കായി ഇന്ത്യയുമായുള്ള ധാരണാപത്രത്തിന് അംഗീകാരം നല്‍കി. ഇനി രാഷ്ട്രപതിയുടെ കൂടി അംഗീകാരം ലഭിക്കണം.
രാഷ്ട്രപതി ഒപ്പ് കഴിഞ്ഞാല്‍ ചീറ്റകളെ ഇന്ത്യയിലെത്തിക്കാന്‍ 7 ദിവസത്തില്‍ കൂടുതല്‍ സമയമെടുക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബാക്കിയുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതാണ് കാരണം.
ചീറ്റപ്പുലികളുടെ മെഡിക്കല്‍ ചെക്കപ്പ് മുതല്‍ വാക്‌സിനേഷന്‍ വരെ നേരത്തെ തന്നെ കഴിഞ്ഞിരുന്നു. ചീറ്റപ്പുലികളെ ഉടന്‍ കൊണ്ടുവരും. ക്വാറന്റൈന്‍ കാലയളവില്‍ രണ്ട് ചീറ്റകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. ഇവരെ മാറ്റി മറ്റു രണ്ട് ചീറ്റകളെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ മാത്രമേ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നുള്ളൂവെന്നും പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.