ദില്ലി എയിംസ് സേർവർ ഹാക്കിങ്ങിൽ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സേർവറിലുള്ളത് രോഗികളുടെ വിവരങ്ങൾക്കൊപ്പം രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളും. സംഭവത്തിൽ എൻ ഐ എ അന്വേഷണം തുടങ്ങി. റോയും അന്വേഷണത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് എയിസ് സെർവർ ഹാക്ക് ചെയ്തു എന്ന വിവരം പുറത്ത് വന്നത്. ആശുപത്രി അധികൃതർ തന്നെയാണ് വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്. ഹാക്കിംഗിൽ നിർണായക വിവരങ്ങൾ ചോർന്നു എന്ന ആശങ്ക ഉയരുകയാണ്. ഏകദേശം നാലുകോടിയിലധികം രോഗികളുടെ ചീകീത്‌സ വിവരങ്ങൾ ചോർന്നു എന്നാണ് പ്രാഥമിക കണക്കുകൾ. രോഗികളുടെ വിവരങ്ങളിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ഡോ. മൻമോഹൻ സിംഗ് അടക്കമുള്ള വിവിഐപികളും ഉൾപെടുന്നു. കൊവി ഷീൽഡ്, കോവാക്സിൻ തുടങ്ങിയവയുടെ ട്രയൽ വിവരങ്ങൾ, ആരോഗ്യ സുരക്ഷ പഠനങ്ങൾ, ഗവേഷണങ്ങൾ, എച്ച് ഐ വി രോഗ ബാധിതരുടെ വിവരങ്ങൾ, പീഡനക്കേസ് ഇരകളുടെ മെഡിക്കൽ പരിശോധന ഫലങ്ങൾ തുടങ്ങിയവയും സെർവറിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ വിഷയം അന്വേഷിക്കട്ടേ എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.
അതേസമയം, എൻ ഐ എ നേരിട്ട് അന്വേഷിക്കുന്ന കേസിൽ റോ ഏജൻസിയും ഭാഗമായേക്കും എന്നാണ് സൂചന. സംഭവത്തിൽ ദില്ലി പൊലീസും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. ഹാക്കിംഗ് നടന്ന ഒരാഴ്ച കഴിഞ്ഞിട്ടും സംവിധാനങ്ങൾ പുന:സ്ഥാപിക്കാൻ ഇനിയും 5 ദിവസം കൂടി വേണമെന്നാണ് അധികൃതർ പറയുന്നത്. റാൻസം വെയർ ആക്രമണമായതിനാൽ നഷ്ടപെട്ട വിവരങ്ങൾ പൂർണമായും തിരിച്ച് കിട്ടുമോ എന്നും ആശങ്കയുണ്ട് . ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ എയിംസും നാഷണൽ ഇൻഫോർമാറ്റിക് സെന്ററും സ്വീകരിച്ചതായാണ് വിവരം.