പിഎസ്എൽവി-സിയുടെ 54-ാം ദൗത്യവും വിജയം: ഭൂട്ടാന്റെ അടക്കം ഒൻപത് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു

0
130

ഇന്ത്യയുടെ സമുദ്ര നീരീക്ഷണ ഉപഗ്രഹമായ ഓഷൻസാറ്റ്-1, ഭൂട്ടാന്റെ ഭൂട്ടാൻസാറ്റ് ഉൾപ്പെടെ ഒൻപത് നാനോ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. നവംബർ 26ന് ശ്രീഹരിക്കോട്ടയിൽ നിന്നുമായിരുന്നു വിക്ഷേപണം. പിഎസ്എൽവിയുടെ 54-ാം വിക്ഷേപണ ദൗത്യമായിരുന്നു ഇത്. ശനിയാഴ്ച രാവിലെ 11.56നാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. രാജ്യത്തിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹവും നയതന്ത്ര സഹകരത്തിന്റെ ഭാഗമായ ഭൂട്ടാന്റെ ചെറു ഉപഗ്രഹവും ഏഴ് വാണിജ്യ ഉപഗ്രഹങ്ങളുമാണ് ഭ്രമണപഥത്തിലെത്തിച്ചത്.

2019 ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിംഫു സന്ദർശനത്തെത്തുടർന്ന് ആരംഭിച്ച ഉപഗ്രഹത്തിന്റെ സംയുക്ത വികസനത്തിനായി 2021 സെപ്റ്റംബറിൽ ഇന്ത്യ ഭൂട്ടാനുമായി കരാർ ഒപ്പുവച്ചിരുന്നു. ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ പിക്സലിന്റെ നിരീക്ഷണ ഉപഗ്രഹം ആനന്ദ്, സ്വകാര്യ ബഹിരാകാശ ഏജൻസി ധ്രുവ സ്പേസിന്റെ നിരീക്ഷണ ഉപഗ്രഹങ്ങലായ തൈബോൾട് 1, തൈബോൾട് 2, ഇന്റർനെറ്റ് ഓഫ് തിങ്സ് ശൃംഖലയ്ക്കു വേണ്ടി യുഎസ് കമ്പനിയായ സ്പേസ്ഫ്ലൈറ്റ് വിക്ഷേപിക്കുന്ന 4 അസ്ട്രോകാസ്റ്റ് ഉപഗ്രഹങ്ങൾ എന്നിവയാണ് മറ്റുള്ളവ.

ഭൂട്ടാനിലെ എഞ്ചിനീയർമാരാണ് 30 സെന്റീമീറ്റർ ക്യൂബിക് ഉപഗ്രഹം നിർമ്മിച്ചിരിക്കുന്നത്, അത് ഭൂമിയുടെ ഉപരിതലത്തിന്റെ ചിത്രങ്ങൾ പകർത്തും. 15 കിലോഗ്രാം ഭാരമാണ് ഈ ഉപഗ്രഹത്തിനുള്ളത്. ചിത്രങ്ങൾ മിതമായ റെസല്യൂഷനുള്ളതായിരിക്കുമെന്ന് ഭൂട്ടാനീസ് എഞ്ചിനീയർമാർ മുമ്പ് പറഞ്ഞിരുന്നു. പിഎസ്എൽവിയുടെ ഏറ്റവും കരുത്തുള്ള വേരിയൻറായ പിഎസ്എൽവി എക്‌സ്എൽ ആയിരുന്നു വിക്ഷേപണ വാഹനം.

കൃത്യം പതിനേഴാം മിനുട്ടിൽ ഓഷ്യൻ സാറ്റ് 3 ഭ്രമണ പഥത്തിലെത്തി. കടലിൻറെ സ്വഭാവവും ഉപരിതല താപനിലയും കാലാവസ്ഥയും പ്രവചിക്കുന്ന മൂന്നാം തലമുറ ഉപഗ്രഹമാണ് ഇഒഎസ് 6 എന്ന ഓഷ്യൻ സാറ്റ് 3. വിക്ഷേപണത്തിന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, വിഎസ്എസ്സി ഡയറക്ടർ ഡോ. എസ് ഉണ്ണിക്കൃഷ്ണൻനായർ, എൽപിഎസ്സി ഡയറക്ടർ ഡോ. നാരായണൻ, മിഷൻ ഡയറക്ടർ എസ് ആർ ബിജു എന്നിവർ നേതൃത്വം നൽകി.