ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട്, എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പ്രത്യേക ചങ്ങാത്തം : മുഖ്യമന്ത്രി

0
95

എൽഡിഎഫിനെതിരെ കേരളത്തിൽ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് ശക്തിപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പിണറായി കൺവൻഷൻ സെന്റർ പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര, ബേപ്പൂർ മോഡൽ കൂട്ടുകെട്ട് എല്ലാവർക്കും ഓർമയുണ്ടാകും.

രണ്ടു കൂട്ടരും രഹസ്യബാന്ധവമായിരുന്നു. ഒരുഘട്ടത്തിൽ ഏതാനും സീറ്റുകളിൽ ധാരണയുണ്ടാക്കി. ആ വഴിക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. എൽഡിഎഫിനെ അതുവഴി തകർക്കാമെന്നാണ് കണക്കുകൂട്ടൽ. രണ്ടുകൂട്ടരും ചേർന്നുള്ള ആക്രമണ രീതിയാണിപ്പോൾ ഉയർത്തിക്കൊണ്ടുവരുന്നത്.

എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പ്രത്യേക ചങ്ങാത്തംതന്നെ ഇവർ തമ്മിലുണ്ട്. കോൺഗ്രസും ബിജെപിയും ഒരേ മനസ്സോടെ ഒരേ രീതിയിൽ സർക്കാരിനെ എതിർക്കുകയാണ്. സർക്കാരിന്റെ ചെയ്തികൾ വച്ചല്ല എതിർപ്പ്. ഇല്ലാക്കഥകൾ മെനയുകയാണ്. ബിജെപി നേതാവ് രാവിലെയും കോൺഗ്രസ് നേതാവ് വൈകിട്ടും ഒരേകാര്യം ആവർത്തിക്കുന്നു.

സ്വർണക്കടത്ത് കേസിൽ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനായിരുന്നില്ല പ്രതിപക്ഷത്തിന്റെ താൽപ്പര്യം. കള്ളക്കടത്ത് പിടിച്ച ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കസ്റ്റംസിനെ വിളിച്ചെന്ന ഉണ്ടയില്ലാ വെടിപൊട്ടിച്ചല്ലോ. അങ്ങനെ ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനുതന്നെ പറയേണ്ടിവന്നു.തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പൂർണമായും തകർക്കാമെന്ന് കരുതിയതാണ് പ്രതിപക്ഷം.

ഇത്തരം അപവാദ പ്രചാരണങ്ങളെല്ലാം തള്ളി കേരളം എൽഡിഎഫിനൊപ്പം നിന്നു. സർക്കാരിന്റെ അഞ്ചു വർഷത്തെ പ്രവർത്തനത്തെക്കുറിച്ച് എന്തെങ്കിലും മോശം പറയാൻ പ്രതിപക്ഷത്തിനും സാധിക്കില്ല. ഓരോ ദുരന്തത്തിലും നാടിനെ ഒന്നിച്ചുനിർത്തി ഒരുമയോടെ നേരിടാനാണ് സർക്കാർ മുൻകൈയെടുത്തത്. മഹാപ്രളയത്തെയും കോവിഡിനെയുമെല്ലാം അങ്ങനെയാണ് നാം നേരിട്ടത്. കോവിഡിനെ കേരളം നേരിട്ട രീതി ലോകമാകെ അംഗീകരിച്ചതാണ്. പാവപ്പെട്ടവരെ പ്രത്യേകമായി കണ്ടുള്ള നിലപാടാണ് സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു.