കടൽക്കൊല കേസിൽ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹരെന്ന് സുപ്രീംകോടതി. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേർക്ക് അഞ്ച് ലക്ഷം രൂപം വീതം നൽകാൻ ജസ്റ്റിസ് എം ആർ ഷാ, എംഎം സുന്ദരേശ് എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ബോട്ട് ഉടമയ്ക്ക് നൽകുന്ന നഷ്ടപരിഹാര തുകയായ രണ്ട് കോടിയിൽ നിന്ന് ഈ തുക നൽകാനാണ് കോടതി നിർദ്ദേശം. ബാക്കിയുള്ള 1.45 കോടി രൂപ ഉടമയ്ക്ക് കൈമാറണം. ഒമ്പത് പേരിൽ പ്രായപൂർത്തിയാകാത്ത വ്യക്തിയും ഉൾപ്പെട്ടിരുന്നു. എന്നാൽ ഇയാൾ പിന്നീട് ആത്മഹത്യ ചെയ്തു. ഇതിനാൽ ഇവരുടെ കുടുംബത്തിന് തുക കൈമാറണമെന്നും കോടതി നിർദ്ദേശം നൽകി.
മത്സ്യത്തൊഴിലാളികളിൽ മരിച്ച ജോൺസണന്റെ വിധവയ്ക്ക് തുക കൈമാറാനും നിർദ്ദേശമുണ്ട്. തുക കൃത്യമായി വിതരണം ചെയ്യാനും കേരള ഹൈക്കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എൻട്രിക ലക്സി എന്ന് പേരിലുള്ള കപ്പലിലെ ഇറ്റാലിയൻ നാവികർ 2012 ലാണ് 2 മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയത്. വെടിയേറ്റ് മരിച്ച മത്സ്യ തൊഴിലാളികളുടെ ആശ്രിതർക്കൊപ്പം ബോട്ടുടമയ്ക്കും 2 കോടി രൂപ നഷ്ടപരിഹാരം നൽകിയിരുന്നു. ഈ തുകയുടെ ഒരു ഭാഗം തങ്ങൾക്കും അവകാശപെട്ടതാണ് എന്ന് ചൂണ്ടിക്കാട്ടി ബോട്ടിലെ തൊഴിലാളികളാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ ഹർജിയിലാണ് കോടതി തീരുമാനം. കഴിഞ്ഞ വർഷമാണ് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകിയതോടെ ഇറ്റാലിയൻ നാവികർക്കെതിരായ കടൽക്കൊല കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. ഇരകൾക്ക് കൈമാറാനായി പത്ത് കോടി രൂപ നഷ്ടപരിഹാരം കേരളാ ഹൈകോടതിക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
നഷ്ടപരിഹാര തുകയായ 10 കോടി രൂപ വിതരണം ചെയ്യാൻ ഒരു ജഡ്ജിയെ നിയോഗിക്കാനും സുപ്രീംകോടതി ഹൈക്കോടതിയോട് അഭ്യർത്ഥിച്ചു. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും ധനസഹായം നൽകാനായിരുന്നു നിർദ്ദേശം. കേസിൽ മത്സ്യതൊഴിലാളികൾക്കായി അഭിഭാഷകരായ ശ്രീ. ജഗ്ജിത് സിംഗ് ഛബ്ര, സാക്ഷം മഹേശ്വരി എന്നിവർ വാദിച്ചു. ബോട്ട് ഉടമയ്ക്കായി അഭിഭാഷകരായ കെ പരമേശ്വർ, കാർത്തിക് അശോക്, സ്മ്യതി സുരേഷ്, ഹർഷ് ഖാൻ, ശ്രീപ്രിയ കെ എന്നിവർ ഹാജരായി. സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ശൊങ്കർ, ആലം അൻവർ എന്നിവരും ഹാജരായിരുന്നു.