ഇന്ത്യയിൽ ‘കൊലയാളി ബാക്ടീരിയ’ പ്രതിദിനം 1860 പേരുടെ ജീവനെടുക്കുന്നു

0
118

നമുക്കുചുറ്റിലും നമ്മുടെ ശരീരത്തിൽ പോലും ‘ബാക്ടീരിയ’ എന്ന് വിളിക്കുന്ന ചില ചെറിയ ജീവികൾ ഉണ്ട്. അവ വളരെ ചെറുതും നഗ്‌നനേത്രങ്ങൾ കൊണ്ട് നമുക്ക് കാണാൻ കഴിയാത്തവയുമാണ്. ചില ബാക്ടീരിയകൾ നല്ല ഫലങ്ങളും ചിലത് അൽപ്പം അപകടകരവുമാണ്. അതേസമയം, മാരകമായ പ്രത്യാഘാതങ്ങൾ ശരീരത്തിൽ സൃഷ്ടിക്കാൻ പോന്ന ബാക്ടീരിയകളും നമുക്ക് ചുറ്റുമുണ്ട്.

ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും 2019-ൽ ‘കൊലയാളി’കളായി ഉയർന്നുവന്ന അത്തരം 5 ബാക്ടീരിയകളുടെ പേരുകൾ സയൻസ് ജേണലായ ലാൻസെറ്റ് നൽകിയിട്ടുണ്ട്. ഈ ബാക്ടീരിയകൾ ലോകമെമ്പാടുമുള്ള 1.37 കോടിയിലധികം ആളുകളെ മരണത്തിനു സമ്മാനിച്ചു. ഇതിൽ 33 ബാക്ടീരിയകൾ 77 ലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമായിത്തീർന്നു. 55 ശതമാനം മരണങ്ങൾക്കും കാരണം ഈ 5 ബാക്ടീരിയകളാണ്.

ലാൻസെറ്റിന്റെ അഭിപ്രായത്തിൽ, ഏറ്റവും മാരകമായ 5 ബാക്ടീരിയകൾ ഇ.കോളി, എസ്. ന്യുമോണിയ, കെ. ന്യൂമോണിയ, എസ്. ഓറിയസ്, എ.ബൗമേനിയായി എന്നിവയാണ്. ഈ പഠനത്തിനായി 204 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചു. 34 കോടിയിലധികം മരണങ്ങളുടെ റിപ്പോർട്ടുകൾ ഗവേഷകർ പരിശോധിച്ച് അതിൽ നിന്ന് ബാക്ടീരിയ മൂലമുണ്ടാകുന്ന മരണങ്ങളെ വേർതിരിച്ചു.

ഇന്ത്യയിൽ ഓരോ മണിക്കൂറിലും 77 മരണങ്ങൾ

ഈ അഞ്ച് ബാക്ടീരിയകൾ കാരണം 2019ൽ ഇന്ത്യയിൽ 6.78 ലക്ഷത്തിലധികം ആളുകൾ മരിച്ചുവെന്ന് ലാൻസെറ്റ് അതിന്റെ പഠനത്തിൽ പറയുന്നു. അതായത്, പ്രതിദിനം ശരാശരി 1,860 പേരും ഓരോ മണിക്കൂറിലും 77 പേരും മരിക്കുന്നു.

ലാൻസെറ്റ് പറയുന്നതനുസരിച്ച്, ഈ അഞ്ചെണ്ണത്തിൽ ഇ.കോളി ഏറ്റവും മാരകമായ ബാക്ടീരിയയാണെന്ന് തെളിഞ്ഞിട്ടുണ്ട്. 2019ൽ 1.57 ലക്ഷം പേരാണ് ഈ ബാക്ടീരിയ മൂലം ഇന്ത്യയിൽ മരിച്ചത്. ലോകമെമ്പാടുമുള്ള മരണത്തിന്റെ രണ്ടാമത്തെ വലിയ കാരണം ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണെന്ന് ഈ പഠനത്തിൽ പറയുന്നു. അതേസമയം, ലോകത്ത് നടക്കുന്ന എട്ട് മരണങ്ങളിൽ ഒന്ന് ഇതുമായി ബന്ധപ്പെട്ടതാണ്.

പഠനത്തിൽ പുറത്തുവന്ന മറ്റു കാര്യങ്ങൾ

2019-ൽ ലോകത്ത് നടന്ന മരണങ്ങളിൽ 13.6 ശതമാനവും ബാക്ടീരിയ അണുബാധ മൂലമാണെന്ന് പഠനത്തിൽ കണ്ടെത്തി. 77 ലക്ഷം മരണത്തിന് കാരണമായ 33 ബാക്ടീരിയകളിൽ, 75 ശതമാനത്തിലധികം മരണങ്ങളും മൂന്ന് സിൻഡ്രോം മൂലമാണ്; ലോവർ റെസ്പിറേറ്ററി അണുബാധ (LRI), രക്തപ്രവാഹ അണുബാധ (BSI), പെരിറ്റോണിയൽ, ഇൻട്രാ-അബ്ഡോമിനൽ അണുബാധ (IAA) എന്നിലയാണവ.

ഗവേഷകർ പറയുന്നതു പ്രകാരം, ഏറ്റവും മാരകമാണെന്ന് തെളിയിക്കപ്പെട്ട 5 ബാക്ടീരിയകളിൽ എസ്. ഓറിയസ് ആണ് ഏറ്റവും അപകടകാരി. 11 ലക്ഷത്തിലധികം ആളുകൾ ഓറിയസ് ബാധിച്ച് മരിച്ചു.

ഉപ-സഹാറൻ ആഫ്രിക്കൻ മേഖലയിലാണ് മരണനിരക്ക് ഏറ്റവും ഉയർന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഇവിടെ ഒരു ലക്ഷം ജനസംഖ്യയിൽ 230 പേർ മരിച്ചു. അതേസമയം, പടിഞ്ഞാറൻ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിൽ ഒരു ലക്ഷം ആളുകളിൽ 52 പേർ മരിച്ചു.

ഈ പഠനം എത്രത്തോളം പ്രധാനമാണ്?

ബാക്ടീരിയ അണുബാധയിൽ നിന്നുള്ള ആരോഗ്യ വെല്ലുവിളി കാണിക്കുന്ന ഇത്തരം കണക്കുകൾ ഇതാദ്യമായാണ് പുറത്തു വരുന്നതെന്ന് ഈ പഠനത്തിൽ ഉൾപ്പെട്ട ക്രിസ്റ്റഫർ മുറെ പറയുന്നു. ഈ കണക്കുകൾ ലോകത്തിന് മുന്നിൽ വയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും അതിനാൽ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങൾ കണ്ടുപിടിക്കാനും മരണങ്ങൾക്ക് പുറമെ അണുബാധ കുറയ്ക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.