മലയാളത്തിൽ ഖത്തറിൻറെ ‘നന്ദി’ പറച്ചിൽ; കേരള സ്നേഹം പൂത്തുലഞ്ഞ് അൽ ബയ്ത്ത് സ്റ്റേഡിയം

0
75

ഖത്തർ ലോകകപ്പിനൊരു മലയാളി ടച്ചുണ്ട്. വർണാഭമായ സ്റ്റേഡിയങ്ങളുടെ നിർമ്മാണം മുതൽ ലോകകപ്പ് സംഘാടനവും മത്സരാവേശവും വരെ നീളുന്ന കേരളത്തിൻറെ ഇഴമുറിയാത്ത ബന്ധമുണ്ട്. ഫുട്ബോൾ ലോകകപ്പുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ കാഴ്‌ചക്കാരായും വളണ്ടിയർമാരായും പങ്കെടുക്കുന്ന ലോകകപ്പാണ് ഖത്തറിലേത്. ഖത്തറിൻറെ മണലാരണ്യങ്ങളിലേക്ക് ജീവിത നിധി തേടി ചേക്കേറിയ മലയാളികളുടെ ഉത്സവം കൂടിയാണ് ഖത്തറിലെ വിശ്വ ഫുട്ബോൾ മാമാങ്കം. ഈ മലയാളിക്കരുത്തിന് സ്നേഹനന്ദി അറിയിച്ചിരിക്കുകയാണ് ഖത്തർ ലോകകപ്പിൻറെ സംഘാടകർ.

ഖത്തറും ഇക്വഡോറും തമ്മിലുള്ള കിക്കോഫ് മത്സരത്തിന് വേദിയായ അൽ ബയ്ത്ത് സ്റ്റേഡിയത്തിൻറെ കവാടത്തിൽ മലയാളത്തിലും നന്ദി എഴുതി പ്രകാശിപ്പിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല മറ്റനേകം ഭാഷകളിലുമുണ്ട് ഖത്തറിൻറെ ഹൃദയത്തിൽ നിന്നുള്ള ഈ സ്നേഹവായ്‌പ്.

ദോഹയിലെ അൽ ബയ്ത്ത് സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിന് വർണാഭമായ കിക്കോഫാണുണ്ടായത്. ഖത്തറിൻറെ സാംസ്കാരിക തനിമയും ചരിത്രവും വിളിച്ചോതിയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ഇക്വഡോർ നായകൻ എന്നർ വലൻസിയയുടെ കരുത്തിൽ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. അഞ്ചാം മിനുറ്റിൽ റഫറി നിഷേധിച്ച ഗോളിന് വലൻസിയ ഇരട്ട ഗോളിലൂടെ മറുപടി നൽകുകയായിരുന്നു. 16-ാം മിനുറ്റിൽ പെനാൽറ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ച വലൻസിയ 31-ാം മിനുറ്റിൽ തൻറെ രണ്ടാം ഗോൾ പൂർത്തിയാക്കി. ആദ്യ മത്സരത്തിൽ രണ്ട് ഗോൾ നേടിയ ഇക്വഡോർ നായകൻ എന്ന‍ർ വലൻസിയയാണ് കൂൾ പ്ലെയർ ഓഫ് ദി മാച്ച്.

ഉദ്ഘാടന ചടങ്ങിലെ ഭംഗി ഖത്തറിൻറെ കളിയിൽ കണ്ടില്ല. സംഘാടനത്തിലെ ഒത്തിണക്കം മൈതാനത്ത് താരങ്ങൾ കാണിച്ചില്ല. മത്സരത്തിൽ എതിർ ഗോൾ മുഖത്ത് ഖത്തർ എത്തിയത് പേരിനു മാത്രമയിരുന്നു. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ തോൽക്കുന്ന ആദ്യ ആതിഥേയരെന്ന ദൗർഭാഗ്യം ഖത്തറിനൊപ്പമായി.