‘മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിച്ചില്ലെങ്കിലും നിങ്ങള്‍ ജീവിക്കും’; ലോകകപ്പ് സ്‌റ്റേഡിയങ്ങളിലെ മദ്യനിരോധനത്തില്‍ ഫിഫ പ്രസിഡന്റ്

0
96

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യം നല്‍കില്ലെന്ന ഫിഫയുടെ അറിയിപ്പിന് പിന്നാലെ പ്രതികരണവുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിച്ചില്ലെങ്കിലും നിങ്ങള്‍ ജീവിക്കുമെന്നാണ് ഫിഫ പ്രസിഡന്റിന്റെ വാക്കുകള്‍. ഫ്രാന്‍സിലെയും സ്‌പെയിനിലെയും സ്‌കോട്ട്‌ലന്‍ഡിലെയും സ്‌റ്റേഡിയങ്ങളില്‍ മദ്യം നിരോധിക്കുന്നതിന് ഒരു കാരണമുണ്ടാകുമെന്നും ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.

‘സ്റ്റേഡിയത്തില്‍ ബിയര്‍ വില്‍പ്പന സാധ്യമാണോ എന്നറിയാന്‍ അവസാന നിമിഷം വരെ ശ്രമിച്ചു. ദിവസത്തില്‍ മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിക്കാനായില്ലെങ്കിലും നിങ്ങള്‍ക്ക് ജീവിക്കാനാകും. ഫ്രാന്‍സിലും സ്‌പെയിനിലും സ്‌കോട്ട്‌ലന്‍ഡിലും സ്‌റ്റേഡിയങ്ങളില്‍ മദ്യം നിരോധിക്കുന്നതിന് ഒരു കാരണമുണ്ടാവാം. ഒരുപക്ഷേ അവര്‍ നമ്മളെക്കാള്‍ ബുദ്ധിയുള്ളവരായിരിക്കാം’. ഫിഫ പ്രസിഡന്റ് പറഞ്ഞു.

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യം നല്‍കില്ലെന്നാണ് ഫിഫയുടെ തീരുമാനം. ഇന്നലെയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. സ്റ്റേഡിയത്തില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പനയും ഉണ്ടാകില്ല. ലോകകപ്പിലെ 64 മത്സരങ്ങളില്‍ ആല്‍ക്കഹോള്‍ അടങ്ങാത്ത ബിയര്‍ നല്‍കുമെന്ന് ഫിഫ വ്യക്തമാക്കി.

സംസ്‌കാരത്തില്‍ മദ്യം അത്ര വലിയ പങ്ക് വഹിക്കാത്ത മിഡില്‍ ഈസ്റ്റില്‍ നിന്നും ദക്ഷിണേഷ്യയില്‍ നിന്നും ധാരാളം ആരാധകര്‍ പങ്കെടുക്കുന്നുണ്ട്. പല ആരാധകര്‍ക്കും, മദ്യത്തിന്റെ സാന്നിധ്യം ആസ്വാദ്യകരമായ അനുഭവം സൃഷ്ടിക്കില്ല എന്ന ചിന്ത തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എബി ഇന്‍ബെവിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രധാന ലോകകപ്പ് സ്‌പോണ്‍സറായ ബഡ്‌വെയ്‌സര്‍, ഓരോ മത്സരത്തിനും മൂന്ന് മണിക്കൂര്‍ മുമ്പും ഒരു മണിക്കൂറിന് ശേഷവും എട്ട് സ്റ്റേഡിയങ്ങളിലെ പരിസരത്ത് മാത്രമായി ആല്‍ക്കഹോള്‍ ബിയര്‍ വില്‍ക്കും. ഖത്തര്‍ ലോകകപ്പ് സംഘാടക സമിതിയും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ബഡ്‌വെയ്‌സറും തമ്മില്‍ നടത്തിയ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നയം എന്നാണ് വിവരം.

‘ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചര്‍ച്ചയെത്തുടര്‍ന്ന്, ഫിഫ ഫാന്‍ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസന്‍സുള്ള വേദികളിലും മാത്രമായിരിക്കും മദ്യ വില്‍പ്പന നടത്തുക. ഖത്തറിന്റെ ഫിഫ ലോകകപ്പ് 2022 സ്റ്റേഡിയത്തിന്റെ പരിധിയില്‍ നിന്ന് ബിയറിന്റെ വില്‍പ്പന പോയിന്റുകള്‍ നീക്കം ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ട്. ഫിഫ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.