സ്വന്തമായി കെട്ടിടമില്ലാതിരുന്ന പുന്നയൂർക്കുളത്തെ പുന്നൂക്കാവ് അങ്കണവാടിയിലെ കുരുന്നുകൾ ഇനി സ്മാർട്ട് കെട്ടിടത്തിൽ. ശിശുദിനാഘോഷത്തോടെ എൻ കെ അക്ബർ എംഎൽഎ കുരുന്നുകൾക്ക് 22-ാം നമ്പർ അങ്കണവാടി തുറന്ന് നൽകി.
നാഷണൽ റർബ്ബൺ മിഷൻ ഫണ്ടിൽ നിന്ന് 17.70 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിർമ്മിച്ചത്. പുന്നയൂർക്കുളത്തെ ശിശുസൗഹൃദ പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ റർബ്ബൺ മിഷൻ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന അഞ്ചാമത്തെ അങ്കണവാടിയാണിത്.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് അനുയോജ്യമായ വിധത്തിലാണ് അങ്കണവാടി രൂപകല്പന ചെയ്തിട്ടുള്ളത്. 3 സെന്റ് സ്ഥലത്ത് ഇരുനിലകളിലായി 820 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് ചുമതല. അങ്കണവാടിയുടെ രണ്ടാം നിലയിൽ കുട്ടികൾക്ക് കളിച്ചുല്ലസിക്കുന്നതിന് വിശാലമായ കളിസ്ഥലവും വീണ് പരിക്കേൽക്കാതിരിക്കാൻ പ്രത്യേക പ്ലേമാറ്റും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ ഹാൾ, ആധുനിക അടുക്കള, വിശ്രമമുറി, സ്റ്റോർ റൂം, ശിശു സൗഹൃദ ടോയ്ലറ്റ്, പൊതുടോയ്ലറ്റ്, കോണിമുറി എന്നീ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കൗതുകമാകുന്ന രീതിയിൽ ആർട്ട് വർക്കും നടത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ ലീനസ്, വൈസ് പ്രസിഡന്റ് ഇ കെ നിഷാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.