സർക്കാർ ഉദ്യോഗസ്ഥനെ നടുറോഡിൽ മർദിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം

0
81

തിരുവനന്തപുരം നീറമൺകരയിൽ സർക്കാർ ഉദ്യോഗസ്ഥനെ നടുറോഡിൽ മർദിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കുഞ്ചാലുമ്മൂട് സ്വദേശികളായ യുവാക്കളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികൾ ഒളിവിലാണ്.

ട്രാഫിക് സിഗ്‌നലിൽ ഹോൺ മുഴക്കിയെന്നു ആരോപിച്ചായിരുന്നു നെയ്യാറ്റിൻകര സ്വദേശിയായ പ്രദീപിനെ ബൈക്കിലെത്തിയ രണ്ടു യുവാക്കൾ ക്രൂരമായി മർദ്ദിച്ചത്. പൊലീസിൽ പരാതി നൽകി മൂന്നു ദിവസം പിന്നിട്ടിട്ടും കേസെടുക്കാതിരുന്നത് വിവാദമായിരുന്നു. വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് കരമന പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതികൾ കുഞ്ചാലുമ്മൂട് സ്വദേശികളായ അഷ്‌ക്കർ, അനീഷ് എന്നിവരാണെന്നു തിരിച്ചറിഞ്ഞു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഒളിവിലെന്നു പൊലീസ് സ്ഥിരീകരിച്ചു.പ്രതികൾക്കായി ജില്ല മുഴുവൻ പൊലീസ് അന്വേഷണണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പ്രതികളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. നടുറോഡിൽ വാഹനം നിർത്തി ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാണ് ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കുന്നത്. ഇതിനായി പൊലീസിനോട് മോട്ടോർ വാഹന വകുപ്പ് പ്രതികളുടെ വിവരങ്ങൾ തേടി.