“സമുദ്ര” എന്ന 22 കാരി ഇന്ത്യയിൽ പുതുചരിതം കുറിച്ചു. രാജ്യത്തെ ആദ്യ അമുസ്ലിം അസിസ്റ്റൻ്റ് അറബിക് പ്രൊഫസറാകാൻ അവർ യോഗ്യത നേടി. നിലവിലെ സാഹചര്യത്തിൽ നരേന്ദ്രൻ പാക്കേജ് പ്രകാരം സർക്കാർ കോളേജുകളിൽ ജോലി ഉറപ്പിക്കാം.
ഗിരീഷ് കുമാറിൻ്റെയും ജയപ്രഭയുടെയും മകളാണ് സമുദ്ര. അച്ഛൻ കൂലിത്തൊഴിലാളി. അമ്മ തിരുവനന്തപുരം കോർപ്പറേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അനാഥാലയത്തിലെ ജീവനക്കാരി. അറബി പഠിക്കാൻ മകളെ പ്രേരിപ്പിച്ചത് അച്ഛൻ ഗിരീഷ് കുമാറാണ്. പഠിച്ച് തുടങ്ങിയപ്പോൾ സുമുദ്രക്കും ആവേശമായി. അദ്ധ്യാപകർ മനസ്സറിഞ്ഞ് പ്രോൽസാഹിപ്പിച്ചു. സഹപാഠികൾ കട്ടക്ക് കൂടെനിന്നു. പത്താം ക്ലാസ്സിലെത്തുമ്പോഴേക്ക് സമുദ്ര അറബിക് ടീച്ചറാകാൻ തീരുമാനിച്ചു. എത്തിപ്പെട്ടതാകട്ടെ അതിലും ഉയർന്ന പദവിയിൽ.
ഹൈസ്കൂൾ തലങ്ങളിൽ പേരിനെങ്കിലും അമുസ്ലിം അറബിക് അദ്ധ്യാപകരുണ്ട്. ഹയർ സെക്കൻഡറിയിലോ കോളേജ് യൂണിവേഴ്സിറ്റി തലങ്ങളിലോ മുസ്ലിങ്ങളല്ലാത്ത അറബിക് അദ്ധ്യാപകർ, പ്രത്യേകിച്ച് എസ്.സി വിഭാഗത്തിൽ പെടുന്നവർ ഇല്ലതന്നെ. സമുദ്ര ദേശീയ തലത്തിലുള്ള അറബിക് അസിസ്റ്റൻറ് പ്രൊഫസറാകാനുള്ള യോഗ്യതാ പരീക്ഷ പത്തരമാറ്റോടെയാണ് ജയിച്ചത്. ഗവേഷണത്തിനുള്ള അവസരവും (JRF) കരസ്ഥമാക്കി. 35000 രൂപ സ്റ്റൈപ്പെൻഡോടെ അറബി ഭാഷയിൽ സമുദ്ര ഡോക്ടറേറ്റും സ്വന്തമാക്കും.
തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ പഞ്ചായത്തിലുള്ള പേഴുമൂട് സ്വദേശിനിയാണ് സമുദ്ര. സ്വന്തം നാട്ടിനടുത്തുള്ള അഹമദ് കുരിക്കൾ മെമ്മോറിയൽ എയ്ഡഡ് എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
ക്ലാസ്സിൽ അറബി അദ്ധ്യാപകരുടെ പ്രത്യേക പരിഗണന സമുദ്രക്ക് ആവോളം ലഭിച്ചു. അഞ്ചാം ക്ലാസ്സ് മുതൽ പത്ത് വരെ ജി.വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളിയിലാണ് പഠിച്ചത്. നെടുമങ്ങാട് ഗവ: ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ പ്ലസ് വണ്ണും പ്ലസ് ടുവും പഠിച്ചു. ഹൈസ്കൂളിൽ അറബി പഠിപ്പിച്ച റാഹില ബീവിയാണ് ലക്ഷ്യസ്ഥാനത്ത് എത്താൻ അകമഴിഞ്ഞ് സഹായിച്ചത്. അറബി തുടർന്നും പഠിക്കണമെന്ന് ടീച്ചർ ഉപദേശിച്ചു. അച്ഛനും ഗുരുനാഥയും ചൂണ്ടിക്കൊടുത്ത പാതയിലൂടെ മുന്നോട്ടു നീങ്ങി. അറബി ഭാഷയുടെ ഉച്ഛാരണമെന്ന കടമ്പയും സധൈര്യം സമുദ്ര മറികടന്നു.
എം.എൽ.എ ക്വോർട്ടേഴ്സിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന കലാലയത്തിലെ ഒരു പെൺകുട്ടി കരസ്ഥമാക്കിയ അപൂർവ്വ നേട്ടമറിഞ്ഞപ്പോൾ വിളിച്ച് അഭിനന്ദിക്കണമെന്ന് തോന്നി. നമ്പർ സംഘടിപ്പിക്കാൻ ആദ്യം വിളിച്ചത് കേരള യൂണിവേഴ്സിറ്റിയിലെ ഡോ: നസീബിനെ. അദ്ദേഹം യൂണിവേഴ്സിറ്റി കോളേജിലെ അറബിക് വകുപ്പ് മേധാവിയുടെ നമ്പർ തന്നു. ഡോ: ഷംനാദാണ് സമുദ്രയുടെ മൊബൈൽ നമ്പർ കൈമാറിയത്. നേരിൽ കാണണമെന്ന് പറഞ്ഞു. കണ്ടു. അരമണിക്കൂറോളം സംസാരിച്ചു. ഗവേഷണത്തിന് “ടോപ്പിക്ക്”വരെ സമുദ്ര മനസ്സിൽ കണ്ടുവെച്ചിട്ടുണ്ട്. “ഇന്ത്യയിലെ അറബി പെണ്ണെഴുത്തുകാരികളെ കുറിച്ച പഠനം”. അറബി സാഹിത്യത്തിലെ നോബൽ സമ്മാന ജേതാവ് നജീബ് മഹ്ഫൂസാണ് സമുദ്രയുടെ ഇഷ്ട എഴുത്തുകാരൻ.
പ്ലസ് ടു കഴിഞ്ഞപ്പോൾ അറബിക് BA ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് ചേർന്നത്. സമുദ്രയടക്കം മൂന്ന് അമുസ്ലിം കുട്ടികളാണ് ഒന്നാം വർഷ ഡിഗ്രി അറബിക്കിന് ഉണ്ടായിരുന്നത്. സമുദ്രക്ക് പുറമെ മിതാമധു, അലൻ ജോസഫൈൻ. മിതാമധു LP സ്കൂൾ അറബിക് ടീച്ചറായി. ജോസഫൈൻ യൂണിവേഴ്സിറ്റി കോളേജിൽ അറബിക് PG ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. ഒന്നോ രണ്ടോ അമുസ്ലിം കുട്ടികൾ ഓരോ വർഷവും ബി.എ അറബിക്കിന് ചേരാറുണ്ടെന്നാണ് സമുദ്രയുടെ സാക്ഷ്യം.
ഡിഗ്രി 68% മാർക്കോടെ പാസ്സായി. എം.എ അവസാന സെമസ്റ്റർ പരീഷയും കഴിഞ്ഞു. ഫലം കാത്തിരിക്കുന്നു. ഫസ്റ്റ് ക്ലാസ്സ് പ്രതീക്ഷയിലാണ് സമുദ്ര. ജെ.ആർ.എഫ് കിട്ടിയ സാഹചര്യത്തിൽ ഇന്ത്യയിലെ ഏതു സർവകലാശാലയിലും ഗവേഷണത്തിന് ചേരാം. ജെ.എൻ.യുവിൽ പോകണമെന്നാണ് ഞാൻ നിർദ്ദേശിച്ചത്. ഖുർആൻ പാരായണം ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ വായിക്കാനറിയാം എന്നായിരുന്നു മറുപടി. ഈണം വേണ്ടത്ര വശമായിട്ടില്ലെന്നും സമുദ്ര കൂട്ടിച്ചേർത്തു.
ഭാഷക്കും കലക്കും സംഗീതത്തിനും സംസ്കാരിക ക്രയവിക്രയങ്ങൾക്കും മത-ജാതി-ദേശാതിർത്തികളില്ല. എല്ലാം എല്ലാവരുടേതുമാണ്. വേദപാരായണം ഒളിഞ്ഞുകേട്ട താഴ്ന്ന ജാതിക്കാരൻ്റെ ചെവിയിൽ ഇയ്യം ഉരുക്കിയൊഴിച്ച അപരിഷ്കൃതത്വം എന്നോ കുഴിച്ചുമൂടപ്പെട്ടു. മുസ്ലിങ്ങൾക്കേ ഖുർആൻ പാരായണം ചെയ്യാൻ പാടൂ എന്ന യാഥാസ്തിക ധാരണയും പൊളിച്ചെഴുതപ്പെട്ടു. ഖുർആനും ഭഗവത്ഗീതയും ബൈബിളും ഉൾപ്പടെ എല്ലാ വേദഗ്രന്ഥങ്ങളും മുഴുവൻ മനുഷ്യർക്കും സ്പർശിക്കാമെന്നും വായിക്കാമെന്നും വന്നു. അറിയാനുള്ള അവകാശം മനുഷ്യൻ്റെ ജൻമാവകാശമാണെന്ന് ലോകം തിരിച്ചറിഞ്ഞു.
സമുദ്രയും സഹോദരൻ ആകാശും ആകാശിൻ്റെ നല്ലപാതിയും ഒരുമിച്ചാണ് എൻ്റെ ക്ഷണമനുസരിച്ചെത്തിയത്. അച്ഛനോടും അമ്മയോടും പ്രത്യേക അന്വേഷണങ്ങൾ പറയണമെന്ന് ചുമതലപ്പെടുത്തിയാണ് പിരിഞ്ഞത്. ബഹുസ്വര സംസ്കൃതിയുടെ നേരവകാശിയായ സമുദ്രക്ക് നല്ലത് ഭവിക്കട്ടെ.