പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽനിന്ന് അഞ്ചുവർഷത്തിനു മുമ്പ് കാണാതായ യുവതിയെ പൊലീസ് കണ്ടെത്തി. 26കാരിയായ ക്രിസ്റ്റീനാളിനെയാണ് കോട്ടയം കൊടുങ്ങൂരിൽ നിന്ന് കണ്ടെത്തിയത്. മറ്റൊരു പേരിൽ ഒരു യുവാവിനോടൊപ്പം താമസിക്കുകയായിരുന്നു യുവതി. ആറന്മുള തെക്കേമലയിൽ ഭർത്താവും കുട്ടികളുമൊത്ത് താമസിക്കുന്നതിനിടെയാണ് ഇവരെ കാണാതായത്.
അടുത്തിടെ ഇലന്തൂർ നരബലിക്കേസുമായി ബന്ധപ്പെട്ട് ആറന്മുള പൊലീസ് നടത്തിയ പുനരന്വേഷണത്തിലാണ് യുവതിയെ കണ്ടെത്താനായത്.
2017 ജൂലായ് മാസമാണ് ക്രിസ്റ്റീനാളിനെ കാണാതായത്. പൊലീസിൽ പരാതി നൽകിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. നരബലി കേസിന് ശേഷം സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ അന്വേഷണമാണ് യുവതിയിലേക്ക് എത്തിയത്.
നാടുവിട്ട ഇവർ ബെംഗളൂരുവിലേക്കാണ് പോയതെന്നും അവിടെ ഒരു വർഷം ഹോം നഴ്സായി ജോലി ചെയ്തെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പിന്നീടാണ് ഇവർ കോട്ടയത്തേക്ക് എത്തിയത്. ബന്ധുക്കളുമായി യാതൊരു ബന്ധവും പുലർത്താത്തത് അന്വേഷണത്തിലും തിരിച്ചടിയായിരുന്നു.