പാഠ്യപദ്ധതിയിൽ പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള ടെക്‌ പ്ലാറ്റ്‌ഫോം മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്‌തു

0
95

പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ പൊതുജനങ്ങൾക്ക് ഓൺലൈനായി നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള ടെക്‌ പ്ലാറ്റ്‌ഫോം മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്‌തു. വിദ്യാർഥികളെയും ജനങ്ങളെയും പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ പങ്കാളികളാക്കുന്നത്‌ രാജ്യത്ത്‌ ആദ്യമായാണെന്ന്‌ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ലോകത്ത്‌ എവിടെനിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും www.kcf.kite.kerala.gov.in പ്ലാറ്റ്‌ഫോമിലേക്ക്‌ സമർപ്പിക്കാം. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് എസ്‌സിഇആർടിക്കുവേണ്ടി ഓൺലൈൻ പ്ലാറ്റ്‌ഫോം ഒരുക്കിയത്‌.

ടെക് പ്ലാറ്റ്ഫോമിന്റെ പ്രത്യേകത

വെബ്സൈറ്റിൽ മൊബൈൽ ഫോൺ നമ്പരോ ഇ -മെയിൽ വിലാസമോ ഉൾപ്പെടുത്തുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി അഭിപ്രായം രേഖപ്പെടുത്താം. പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള 26 ഫോക്കസ് ഏരിയയിൽ ഓരോരുത്തർക്കും താൽപ്പര്യമുള്ളവ തെരഞ്ഞെടുത്ത് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാം. ഓരോ മേഖലയിലുമുള്ള ചോദ്യം തെരഞ്ഞെടുത്ത് കമന്റ് ബോക്സിൽ നിർദേശങ്ങൾ ടൈപ്പ് ചെയ്ത് ഉൾപ്പെടുത്താം. എഴുതിത്തയ്യാറാക്കിയവ ഇമേജ്, പിഡിഎഫ് ഫോർമാറ്റിൽ അപ്‍ലോഡ് ചെയ്യാനുമാകും. വിശദാംശം ഉൾപ്പെടുത്തിയശേഷം സബ്‍മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യണം. തുടർന്ന്‌ കൂടുതൽ മേഖലയിലെ‍ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ഇതേ രീതി ആവർത്തിക്കണം.

ഔദ്യോഗിക ലോഗിൻ സൗകര്യവും

ബ്ലോക്ക്, ജില്ലാതലങ്ങളിൽ നടത്തുന്ന ജനകീയ ചർച്ചകളിലെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്താൻ പ്രത്യേക ലോഗിനും ഈ ടെക് പ്ലാറ്റ്ഫോമിലുണ്ട്. ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും സംസ്ഥാന തലത്തിൽ വീക്ഷിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള ഔദ്യോഗിക ലോഗിൻ സൗകര്യവുമുണ്ട്. ടെക് പ്ലാറ്റ്ഫോം സംബന്ധിച്ച യൂസർ ഗൈഡും പോർട്ടലിൽ ലഭ്യമാണ്‌. വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു, എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ്‌, കൈറ്റ്‌ സിഇഒ കെ അൻവർസാദത്ത്‌ എന്നിവരും പങ്കെടുത്തു.