അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ താലിബാൻ സുരക്ഷാ മേധാവി കഴുത്തറുത്ത് കൊന്നു. ബാൽവ് പ്രവശ്യയിലെ ഷോൾഗാര ജില്ലയിലാണ് സംഭവം. താലിബാൻ ഭരണകൂടത്തിന്റെ ഉപരോധ തലവൻ മുല്ല യാസിനാണ് മറിയം എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയത്. കനത്ത പ്രതിഷേധത്തെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിതാവിനെ ഭീഷണിപ്പെടുത്തിയും പണം നൽകിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ താലിബാൻ ഉദ്യോഗസ്ഥർ സ്വന്തമാക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഒരു താലിബാൻ കമാൻഡർ ഒരു പെൺകുട്ടിയെ കുട്ടിയുടെ മാതാവറിയാതെ, പിതാവിന് പണം കൊടുത്ത് വിവാഹം കഴിച്ച് സൈനിക ഹെലികോപ്റ്ററിൽ തട്ടിക്കൊണ്ടുപോയെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.
താലിബാന്റെ ഭരണത്തിന് കീഴിൽ സ്ത്രീകളുടെ ജീവിതം പരിതാപകരമായി തുടരുകയാണ്. കഴിഞ്ഞ മാർച്ച് 23 ന് ആറാം ക്ലാസിന് ശേഷം പെൺകുട്ടികളെ സ്‌കൂളിൽ പോകുന്നതിൽ നിന്ന് തടയുകയും സ്ത്രീകളുടെ വസ്ത്രധാരണത്തിനായി പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സ്ത്രീകളുടെ സഞ്ചാരം, വിദ്യാഭ്യാസം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.