അനധികൃതമായി റേഷൻ മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരിൽ നിന്നും കാർഡ് പിടിച്ചെടുക്കാൻ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതിയിൽ ഒക്ടോബർ 31 വരെ ലഭിച്ചത് 6796 പരാതികൾ. 6914 അനധികൃത മുൻഗണനാ കാർഡുകൾ പിടിച്ചെടുത്ത് മുൻഗണനേതര വിഭാഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 1.18 കോടി രൂപ പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു.
ഓപ്പറേഷൻ യെല്ലോ പദ്ധതി ഡിസംബർ 31 വരെ തുടരും. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി അനധികൃതമായി കാർഡുകൾ കൈവശം വച്ചിരിക്കുന്ന വമ്പൻമാരെയാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏതെങ്കിലും ഒരു മാനദണ്ഡം തെറ്റിയെന്ന കാരണത്താൽ സാധാരണക്കാരനെ ദ്രോഹിക്കുന്ന സമീപനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി നിർദേശിച്ചു.
അനധികൃത റേഷൻ കാർഡുകളെക്കുറിച്ച് 9188527301, 9188521967 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കാം. വിവരം നൽകുന്നയാളുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.
ഈ സർക്കാർ അധികാരത്തിലേറിയ ശേഷം അപേക്ഷകൾ പരിശോധിച്ച് 2,85,687 കാർഡുകൾ വിവിധ വിഭാഗങ്ങളിലേക്ക് മാറ്റി നൽകി. ഇതിൽ 20171 മഞ്ഞ (എ.എ.വൈ) കാർഡുകളും 265516 പിങ്ക് (പി.എച്ച്.എച്ച്) കാർഡുകളുമുൾപ്പെടുന്നു.
2,86,394 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു. ഇതിൽ 68514 പിങ്ക് കാർഡുകൾ, 211320 വെള്ള (എൻ.പി.എൻ.എസ്) കാർഡുകൾ, 6560 ബ്രൗൺ (എൻ.പി.ഐ) കാർഡുകളുണ്ട്.
റേഷൻ കാർഡുമായി ബന്ധപ്പെട്ട് ഓൺലൈൻ മുഖേന ലഭിച്ച 43,92,542 അപേക്ഷകളിൽ 43,22,927 എണ്ണം തീർപ്പാക്കി. പിങ്ക് കാർഡിലേക്ക് മാറ്റാനായി സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 31 വരെ 74205 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിൽ 92,96,348 റേഷൻ കാർഡുകളാണുള്ളത്. ഇതിൽ 589413 എണ്ണം മഞ്ഞ കാർഡുകളും 3507924 പിങ്ക് കാർഡുകളും 2329574 നീല കാർഡുകളും 2841894 വെള്ള കാർഡുകളും 27543 ബ്രൗൺ കാർഡുകളുമാണ്.
ഒക്ടോബർ മാസം നടന്ന ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ-പരിപാടിയിൽ 19 പരാതികൾ ലഭിച്ചു. റേഷൻ സംവിധാനത്തിന്റെ ഭാഗമായി വരുന്ന ഫോൺ സന്ദേശം ലഭിക്കുന്നില്ലെന്ന പരാതിയിൽ സെർവർ തകരാറ് പരിഹരിച്ചിട്ടുണ്ട്. പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള അരി കിട്ടിയില്ലെന്ന പരാതിയിൽ ഒക്ടോബർ മാസത്തെ അരി നവംബർ 15 വരെ വിതരണം ചെയ്യുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.