ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം: കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധം

0
65

ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും പ്രതിഷേധം. കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധിച്ചു. ഇസ്ലാമിക സ്വതന്ത്ര ചിന്തകരുടെ സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോഴിക്കോട് ടൗൺ ഹാളിന് സമീപമാണ് പ്രതിഷേധം നടന്നത്. മുസ്ലീം സ്ത്രീകൾ ഹിജാബ് കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിഷേധം അരങ്ങേറുന്നത്.

സംഘടനയിലെ ആറ് മുസ്ലീം സ്ത്രീകളാണ് ഹിജാബ് കത്തിക്കാനുള്ള നീക്കത്തിന് നേതൃത്വം നൽകിയത്. ഇന്ത്യയിൽ ആദ്യമായി ഹിജാബ് കത്തിക്കുന്ന സംഭവം കൂടിയാണിത്. ഇറാനിൽ ഹിജാബ് നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സ്ത്രീകൾ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു.

ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് ലോകത്തിന്റെ പല ഭാഗത്ത് നിന്നും പിന്തുണ ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്ന് കുട്ടികൾ ഉൾപ്പെടെ മുന്നൂറിൽ അധികം പേരാണ് ഇറാനിൽ കൊല്ലപ്പെടുന്നത്. സെപ്തംബർ 16ന് സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മെഹ്‌സ ആമിനിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ ഹിജാബ് വിരുദ്ധ സമരം പൊട്ടിപ്പുറപ്പെട്ടത്.

മുടി മുറിച്ചും ഹിജാബ് കത്തിച്ചും ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. പ്രക്ഷോഭം അടിച്ചമത്താൻ സർക്കാർ സേനകൾ വെടിയുതിർക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.