ഇക്വറ്റോറിയൽ ഗിനിയയിൽ നാവികസേനയുടെ പിടിയിലായ സംഘത്തിൻ്റെ മോചനം വൈകുന്നു. മലയാളികൾ ഉൾപ്പെടുന്ന സംഘത്തിനെ ഉടൻ നൈജീരിയയ്ക്ക് കൈമാറുമെന്നാണ് ആശങ്ക. പിടിയിലായവർ അടിയന്തര സഹായം ആവശ്യപ്പെടുന്ന വിഡിയോ പുറത്തു വന്നു.
നാവികസേനയുടെ പിടിയിലായ സംഘത്തിനെ നൈജീരിയയ്ക്ക് കൈമാറാൻ ഇക്വറ്റോറിയൽ ഗിനിയൻ സേനയ്ക്ക് നിർദ്ദേശം ലഭിച്ചതാണ് വിവരം. എന്നാൽ കപ്പലിന്റെ എഞ്ചിൻ തകരാറുമൂലം കൈമാറ്റം വൈകുകയാണ്. എഞ്ചിൻ തകരാർ പരിഹരിച്ചാൽ ഉടൻ നൈജീരിയയ്ക്ക് കൈമാറാനാണ് പദ്ധതി. സംഘത്തിലുള്ളവർ പലവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് സഹായം ആവശ്യപ്പെട്ടുള്ള വീഡിയോ പുറത്തുവന്നത്.
വിഷയത്തിൽ വിദേശകാര്യമന്ത്രാലയവും എംബസിയും ഇന്നലെത്തന്നെ ഇടപെടൽ ആരംഭിച്ചിരുന്നു. കേരള സർക്കാരും സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ അനുകൂലമായ മറുപടി ഇതുവരെയും നൈജീരിയയുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല.
ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ കെ പി ഓ ടെർമിനലിൽ ക്രൂഡോയിൽ നിറയ്ക്കാൻ എത്തിയ കപ്പൽ ഗിനിയാ സേനയുടെ പിടിയിലായത്. 26 പേർ അടങ്ങുന്ന സംഘത്തിൽ 16 പേർ ഇന്ത്യക്കാരാണ്. ഇതിൽ കൊല്ലം നിലമേലിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പടെ മൂന്നുപേർ മലയാളികളാണ്.