സൈറസ് മിസ്ത്രിയുടെ കാര്‍ അപകടം: അനഹിത പാന്‍ഡോളിനെതിരെ കേസ്

0
79

സെപ്തംബര്‍ നാലിന് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ റോഡ് ഡിവൈഡറില്‍ ഇടിച്ച് ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയും സഹയാത്രികനും മരണപ്പെട്ട സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന പ്രശസ്ത ഗൈനക്കോളജിസ്റ്റ് അനഹിത പാന്‍ഡോളിനെതിരെ കേസെടുത്തു. പാല്‍ഘറിലെ കാസ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 304 എ (അശ്രദ്ധമൂലമുള്ള മരണത്തിന് കാരണമായത്), 279 (അശ്രദ്ധമായ ഡ്രൈവിംഗ്), 336 (ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി) പ്രകാരമാണ് അനഹിതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അപകട ദിവസം ദിവസം, സൈറസ് മിസ്ത്രി അനഹിത പാന്‍ഡോളിനും മറ്റ് രണ്ടുപേര്‍ക്കുമൊപ്പം അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് മെഴ്സിഡസ് ജിഎല്‍സി 220 ഡിയില്‍ യാത്ര ചെയ്യുകയായിരുന്നു. സൈറസ് മിസ്ത്രിയും സഹയാത്രികന്‍ ജഹാംഗീര്‍ പണ്ടോളും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. അനഹിത പാന്‍ഡോളിനും ഭര്‍ത്താവ് ഡാരിയസ് പാന്‍ഡോളിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം അധികൃതര്‍ വ്യക്തമാക്കി.

പരിക്കേറ്റ രണ്ട് യാത്രക്കാരെ മഹാരാഷ്ട്രയിലെ കാസ ഗ്രാമത്തിലെ പ്രാദേശിക ആശുപത്രിയിലും പിന്നീട് റെയിന്‍ബോ ഹോസ്പിലും പ്രവേശിപ്പിച്ചിരുന്നു. ശേഷം ഇരുവരെയും മുംബൈയിലെ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി എത്തിച്ചു. ഡാരിയസ് പാന്‍ഡോള്‍ ചികിത്സകള്‍ക്കു ശേഷം ആശുപത്രി വിട്ടു. ശസ്ത്രക്രിയയ്ക്ക് വിധേയയായ അനഹിത ഇപ്പോള്‍ ഫിസിയോതെറാപ്പി ചെയ്യുകയാണ്. അനഹിത ഉടന്‍ തന്നെ ആശുപത്രി വിട്ടേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.