കോട്ടയത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി

0
76

കോട്ടയത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിൽ 181 പന്നികളെ കൊന്നു. കോട്ടയം ജില്ലയിലെ ആർപ്പൂക്കര, മുളക്കുളം പഞ്ചായത്തുകളിൽ രണ്ട് സ്വകാര്യ പന്നിഫാമുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ജില്ലാ കളക്ടർ ഡോ.പി. കെ. ജയശ്രീയുടെ ഉത്തരവ് പ്രകാരമാണ് ഫാമുകളിലെ പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചത്.

ആർപ്പൂക്കരയിൽ 31 മുതിർന്ന പന്നികളേയും, ആറ് മാസത്തിൽ താഴെയുള്ള 67 പന്നികളെയുമാണ് ദയാവധം നടത്തി ഇന്നലെ സംസ്‌കരിച്ചത്. തുടർന്ന് ഫാമും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തു. മുളക്കുളത്ത് 50 മുതിർന്ന പന്നികളേയും ആറ് മാസത്തിൽ താഴെയുള്ള 33 എണ്ണത്തെയും ദയാവധം നടത്തി സംസ്‌കരിച്ചു. ഫാമുകളിലെ പന്നികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നാണ് സാമ്പിളുകൾ ലാബിലേക്ക് അയച്ചത്. പരിശോധനയിൽ പന്നിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

ഇന്ത്യയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയത് 2020 ഫെബ്രുവരിയിലായിരുന്നു. വളർത്തുപന്നികളെയും കാട്ടുപന്നികളെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമാണിത്. കണക്കുകൾ അനുസരിച്ച് പകര്‍ച്ചവ്യാധി കണ്ടെത്തിയതിനു ശേഷം അസമില്‍ 40,000ലധികം പന്നികള്‍ ചാകുകയും 22 ജില്ലകളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്തിരുന്നു.