‘അലക്സാണ്ടർ നന്ദിയില്ലാത്തവൻ, ഇന്ദിരയെ കോൺഗ്രസ് മറന്നോ?’വൈറലായി എ കെ ബാലന്റെ ഫേസ്ബുക് പോസ്റ്റ്

0
73

ഫേസ്ബുക്കിൽ വൈറലായി എ കെ ബാലന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂർണരൂപം:

മുൻ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷിത്വ വാർഷികദിനമാണിന്ന്. പലരും ചരമദിനം എന്ന രൂപത്തിലാണ് ഇതിനെ കാണുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒരു ദിനമാണിത്. അന്ന് ലോക്സഭാംഗമെന്ന നിലയിൽ ബെൻസിലാൽ ചെയർമാനായ എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ ഒരു തെളിവെടപ്പ് പാർലമെന്റ് അനക്സിൽ നടക്കുകയായിരുന്നു. ഏതാണ്ട് പത്തര മണി. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ ദുഃഖവാർത്ത ബെൻസിലാൽ കമ്മിറ്റി അംഗങ്ങളെ അറിയിക്കുന്നത്. കമ്മിറ്റി പിരിഞ്ഞു. ഞാൻ താമസിക്കുന്ന 217, വി പി ഹൗസിലേക്ക് നടന്നുപോകുമ്പോൾ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന മുന്നറിയിപ്പായിരുന്നു അത്. ഇന്ദിരാഗാന്ധിയുടെ ഭൗതികശരീരം കാണാൻ സ. സി പി ജോണും എന്നോടൊപ്പം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് വന്നിരുന്നു. ഞങ്ങൾ നടന്നുപോകുമ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. സിഖുകാർക്കെതിരായി വരാൻപോകുന്ന കൂട്ടക്കൊലയുടെ നാന്ദിയായിരുന്നു കണ്മുന്നിൽ കണ്ട കാഴ്ചകൾ.

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം നടന്ന ദിവസം ഓർക്കുന്ന മറ്റൊരു രംഗം. ഞാൻ താമസിച്ച വി പി ഹൗസിനു മുന്നിലുള്ള ടാക്സി സ്റ്റാൻഡിലെ ടാക്സിക്കാരിൽ ഭൂരിപക്ഷവും സിഖുകാരാണ്. അതിൽ കുറച്ചുപേർ സി പി ഐ എം അനുഭാവികളുമാണ്. അവരിലൊരാൾ പ്രാണഭയത്താൽ എന്റെ റൂമിൽ വന്നു. അദ്ദേഹത്തെ ആ ദിവസം ഞാൻ ബാത്‌റൂമിൽ അടച്ചിട്ട രംഗം ഇന്നും ഓർക്കുകയാണ്.

ഇന്ദിരാഗാന്ധിയെ ഞാൻ ആദ്യമായി കാണുന്നത് പാര്ലമെന്റിനുള്ളിൽ വെച്ചാണ്. കേരളത്തിലെ ഭക്ഷ്യ പ്രശ്നം സംബന്ധിച്ച് അവരെ റൂമിൽ പോയി കണ്ടതും കാര്യങ്ങൾ ബോധ്യപ്പെടുത്തിയതും അനുഭാവപൂർവം അവർ ഇടപെട്ടതും ഓർക്കുകയാണ്. മറ്റൊരു രംഗം രാഷ്ട്രപതിഭവനിൽ കേവലം 13 പേരെ മാത്രം ക്ഷണിച്ച ഒരു അത്താഴവിരുന്നിൽ സി പി ഐ എമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്തതാണ്. വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ലെ ദുവാന്റെ ബഹുമാനാർത്ഥം രാഷ്ട്രപതിയുടെ അത്താഴവിരുന്നായിരുന്നു അത്. ആ സമയത്താണ് ലോകനേതാക്കളുമായി ഇന്ദിരാഗാന്ധിയുടെ അടുത്ത വ്യക്തിബന്ധം എന്താണെന്ന് മനസ്സിലാക്കിയത്. ലെ ദുവാനെ ഇന്ദിരാഗാന്ധി ആശ്ലേഷിച്ച രംഗം ഇന്നും ഓർക്കുകയാണ്. ഗ്യാനി സെയിൽസിങ് ആയിരുന്നു അന്ന് രാഷ്ട്രപതി. കണ്ടവർക്കൊരിക്കലും ഇന്ദിരാഗാന്ധിയെ മറക്കാനാവില്ല. വലിയൊരു തെറ്റ് അവർക്കുണ്ടായി എന്നത് ചരിത്രത്തിലെ ഒരു കറുത്ത പൊട്ടാണ്. എന്തായാലും ഇന്ദിരാഗാന്ധി വലിയ അംഗീകാരമുള്ള ജനനേതാവായിരുന്നു. അവരുടെ ചിത ആളിക്കത്തുന്നത് ടി വി യിൽ കണ്ട് പൊട്ടിക്കരഞ്ഞ ജനങ്ങളും മനസ്സിലെ മായാത്ത ഓർമയാണ്. ഇന്ദിരാഗാന്ധിയുടെ ഓർമ ഉയർത്തിപ്പിടിച്ചാണ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് വലിയ തെരഞ്ഞെടുപ്പ് വിജയം നേടിയത്. അത് നിലനിർത്താൻ എന്തുകൊണ്ട് പിന്നീട് കഴിഞ്ഞില്ലെന്ന് കോൺഗ്രസ് ആലോചിക്കണം.

ഇന്ദിരാഗാന്ധി പ്രതിനിധീകരിച്ച ലോക്സഭയിൽ അംഗമാകാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. പ്രഗത്ഭരായ അംഗങ്ങൾ ലോകസഭയുടെ അലങ്കാരമായിരുന്നു. എ ബി വാജ്‌പേയി, മധുദന്തവാദെ, ഇന്ദ്രജിത് ഗുപ്ത, സി എം സ്റ്റീഫൻ, ജ്യോതിർമയി ബസു, സോമനാഥ് ചാറ്റർജി, ബനാത് വാലാ തുടങ്ങിയ പ്രഗത്ഭർ അന്ന് ലോക്സഭയിലുണ്ടായിരുന്നു. അന്ന് ബി ജെ പി അംഗബലം കൊണ്ട് വളരെ നിസ്സാരമായ ഒരു പാർട്ടിയായിരുന്നു. ഇന്ന് രംഗം മാറി. കോൺഗ്രസിനെ ഏറെക്കുറെ ബി ജെ പി വിഴുങ്ങിക്കഴിഞ്ഞു. ശേഷിക്കുന്ന കോൺഗ്രസിന്റെ സ്ഥിതിയും എന്താണെന്ന് പറയാൻ കഴിയില്ല.

ദയനീയമായ ഒരവസ്ഥ ചൂണ്ടിക്കാട്ടാൻ കഴിയുന്നത്, രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത കോൺഗ്രസിലെ മഹാരഥർ ഇന്ന് സ്മരിക്കപ്പെടുന്നുണ്ടോ എന്ന കാര്യമാണ്. മുമ്പ് ഇന്ത്യൻ ചരിത്രത്തിലും സ്വാതന്ത്ര്യസമര ചരിത്രത്തിലും കമ്മ്യൂണിസ്റ്റുകാരുടെ പങ്ക് തമസ്കരിക്കാൻ നടത്തിയ ശ്രമം ഇന്ന് സ്വയം ക്ഷണിച്ചുവരുത്തുകയാണ് കോൺഗ്രസ്. പലപ്പോഴും വ്യക്തിബന്ധമുള്ള കോൺഗ്രസുകാരോട് ഞാൻ പറയാറുണ്ട്, മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകത്തെ രക്തസാക്ഷിത്വമായി ദേശീയാടിസ്ഥാനത്തിൽ എന്തുകൊണ്ട് നിങ്ങൾക്ക് ആചരിക്കാൻ കഴിയുന്നില്ല? ഇതിനുള്ള പ്രധാന കാരണം, മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ ഉപയോഗപ്പെടുത്തിയാൽ ഹിന്ദുത്വ ശക്തികൾ എതിർക്കും, ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം ആചരിച്ചാൽ സിഖ് വിഭാഗം എതിർക്കും, രാജീവ് ഗാന്ധിയുടെ സ്മരണ പുതുക്കിയാൽ തമിഴ് വംശജർ എതിർക്കും. യഥാർത്ഥത്തിൽ ഈ ഭീതി കാരണമാണ്, വൈകാരികമായി ഉയർത്തിക്കൊണ്ടുവരേണ്ട വലിയ സംഭവങ്ങളെ തമസ്കരിക്കാൻ കോൺഗ്രസ് തന്നെ നിർബന്ധിക്കപ്പെട്ടത്. ഫലം, കോൺഗ്രസ് തന്നെ ഇല്ലാതായെന്നതാണ്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഇന്ന് ഒരു നാലാം പേജിലോ അഞ്ചാം പേജിലോ പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രം കൊടുത്ത് മുഖ്യധാരാ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിലാണ് 80 വയസ് കഴിഞ്ഞ ഉമ്മൻചാണ്ടിയുടെ ജന്മദിനം സംബന്ധിച്ച് പ്രാധാന്യത്തോടെ അവർ പ്രസിദ്ധീകരിക്കുന്നത്. അതിൽ തെറ്റില്ല. പക്ഷെ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ സ്മരണ എന്തുകൊണ്ട് ആ തലത്തിൽ ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്നില്ല? ജീവിച്ചിരിക്കുന്ന സമയത്ത് അമിതമായി സ്തുതിഗീതങ്ങൾ പാടുന്നത് ചില മാധ്യമങ്ങൾക്ക് ആവശ്യമായി വരാം. പക്ഷെ കോൺഗ്രസ് അങ്ങനെയല്ലല്ലോ ചിന്തിക്കേണ്ടത്.

ഇന്ദിരാഗാന്ധിയുടെ ഉപ്പും ചോറും തിന്ന് വളർന്നവരാരും ഇന്ന് അവരെ ഓർക്കില്ല. പ്രതിസന്ധി ഘട്ടത്തിൽ അവരെ വിട്ടെറിഞ്ഞുപോയവരിൽ പലരും പിന്നീട് അവരെ തിരിഞ്ഞുനോക്കിയിട്ടുമില്ല. യഥാർത്ഥത്തിൽ ഇതിന് തുടക്കം കുറിച്ചത് കേരളത്തിൽ നിന്നാണ്. കേരളത്തിൽ ഇന്നത്തെ കോൺഗ്രസ് നേതാക്കളിൽ വലിയൊരു നിര ഇന്ദിരാഗാന്ധിയെ എതിർത്തവരാണ്. അടിയന്തിരാവസ്ഥയുടെ പേരിലായിരുന്നില്ല ആ എതിർപ്പ്. അധികാരം നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ അവരെ കൈവിട്ടതാണ്. ഭരണതലത്തിൽ ഇന്ദിരാഗാന്ധി കാട്ടിയ ഭീകരതക്ക് ഒരു കാരണം തലതിരിഞ്ഞ നേതൃത്വത്തിന്റെ കൂടി ഒത്താശയായിരുന്നു.

കേരളത്തിൽ നിന്നുള്ള പ്രഗത്ഭനായ ഒരു ബ്യൂറോക്രാറ്റ് ആയിരുന്നല്ലോ പി സി അലക്‌സാണ്ടർ. ഇന്ദിരാഗാന്ധിയെ കാണാൻ വേണ്ടി ഞങ്ങൾ എംപിമാരുടെ സംഘം ശ്രമം നടത്തുമ്പോൾ ആർ കെ ധവാൻ അനുകൂലമായ നിലപാടെടുത്താൽ പോലും പലപ്പോഴും ഇദ്ദേഹത്തിൽ നിന്ന് അനുകൂല ഇടപെടൽ ഉണ്ടാകാറില്ല. ഇന്ദിരാഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ മാത്രമായിരുന്നില്ല അലക്‌സാണ്ടർ. നെഹ്‌റു കുടുംബത്തിന്റെ മൊത്തം വിശ്വസ്തനായിരുന്നു. ഇന്ദിരാഗാന്ധിയുടെ തീരുമാനങ്ങളെ വലിയ തോതിൽ സ്വാധീനിച്ച ആളായിരുന്നു. കെ ആർ നാരായണൻ രാഷ്ട്രപതി സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായി നിർദേശിക്കപ്പെട്ട ഘട്ടത്തിൽ ആ സ്ഥാനം കൊതിച്ച ഒരാളായിരുന്നു പി സി അലക്‌സാണ്ടർ. കിട്ടില്ലെന്നായപ്പോൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ മുറുമുറുപ്പ് ചെന്നുകലാശിച്ചത് ബിജെപി സഹായത്തോടെ രാജ്യസഭയിലെത്തുന്നതിലായിരുന്നു. അത്രയും വൃത്തികെട്ട സമീപനങ്ങൾ ഇന്ദിരാഗാന്ധിയോട് വളരെയടുത്ത ആളുകൾ പോലും കാട്ടിയിട്ടുണ്ട്. ഇന്ന് അൻപതും അറുപതും കൊല്ലം കോൺഗ്രസിന്റെ തണലിൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥാനമാനങ്ങൾ കിട്ടിയവർക്കു പോലും കോൺഗ്രസ്സ് വിടുന്നതിൽ ഒട്ടും മനസ്സാക്ഷിക്കുത്തില്ല. കാരണം, അധികാരമില്ലെങ്കിൽ ആ പാർട്ടിയിലെ നേതാക്കൾക്ക് ജീവിക്കാനേ കഴിയില്ല.

ഇന്ത്യയിലെവിടെയും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഗൗരവമായി കോൺഗ്രസ് ആചരിക്കുന്നതായി അറിയുന്നില്ല. ഡൽഹിയിൽ പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിൽ മൂന്നാം ദിവസം പങ്കെടുക്കാൻ പോകുന്നതിനു മുമ്പാണ്, 38 വർഷം മുമ്പ് നടന്ന സംഭവത്തെ ഓർത്തുകൊണ്ട് ഞാൻ ഈ പോസ്റ്റ് തയാറാക്കുന്നത്.